കോട്ടയം: ട്രെയിൻ യാത്രക്കാരുടെ മൊബൈൽ മോഷ്ടിക്കുന്ന പ്രതിയെ പിടികൂടി പൊലീസ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി സോമനെയാണ് പൊലീസ് പിടികൂടിയത്. കോട്ടയം റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും 12,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സോമൻ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്.
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.