ന്യൂഡൽഹി: കോൺമാൻ സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 26 ആഡംബര കാറുകൾ വിൽക്കാൻ ഇഡിക്ക് ലഭിച്ച അനുമതി ശരിവച്ച് ഡൽഹി ഹൈക്കോടതി. കുറ്റകൃത്യങ്ങളിലൂടെ സുകേഷ് സമ്പാദിച്ച പണമുപയോഗിച്ച് വാങ്ങിയ കാറുകളാണെന്ന് ഇഡി കണ്ടെത്തിയിരുന്നു. കാലപഴക്കമെന്നത് കാറുകളുടെ മൂല്യത്തെ ബാധിക്കുമെന്നതിനാലാണ് അവ വിൽക്കാൻ ഇഡി തീരുമാനിച്ചത്.
വർഷങ്ങൾ കഴിയുന്തോറും വാഹനങ്ങൾ മൂല്യത്തകർച്ചയ്‌ക്ക് വിധേയമാകുമെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചു. പാരിസ്ഥിതികമായ ഘടകങ്ങളും കാറുകളുടെ പ്രവർത്തനക്ഷമത ഇടിയുന്നതിന് കാരണമാകുന്നു. കാറുകൾ ദീർഘനാൾ അനങ്ങാതെ സൂക്ഷിക്കുന്നത് അവയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും ചെയ്യും. കാറുകൾ വിറ്റ് ലഭിക്കുന്ന മുഴുവൻ തുകയും പലിശ കിട്ടുന്ന സ്ഥിരനിക്ഷേപമായി സൂക്ഷിക്കാനും ഇഡിയോട് കോടതി നിർദേശിച്ചു.
ഡൽഹി പോലീസിന്റെയോ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെയോ പ്രതിനിധികൾക്ക്
വാഹനത്തിന്റെ ലേല നടപടികളിൽ പങ്കെടുക്കാമെന്ന് വിചാരണക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സുകേഷ് ചന്ദ്രശേഖറിന്റെ ഭാര്യ ലീന പൗലോസ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഇപ്പോൾ ഹൈക്കോടതിയുടെ നിരീക്ഷണം.















