പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ഡ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഗ്നി സുരക്ഷാ സേനയുടെ ഊർജ്ജിതമായ രക്ഷാപ്രവർത്തനത്തിലൂടെയാണ് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. വാച്ചർമാരുടെ കണ്ണ് വെട്ടിച്ച് വെള്ളച്ചാട്ടം കാണാൻ പോയവരാണ് കുടുങ്ങിയത്.
ഒരാളെ അഗ്നിസുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ഒരാൾ സ്വയം കരകയറുകയായിരുന്നു. ആറ് പേരടങ്ങുന്ന സംഘമാണ് സീതാർകുണ്ഡിലെ വെള്ളച്ചാട്ടം കാണാനെത്തിയത്. ഇവർ മദ്യപിച്ചിരുന്നതായി വാച്ചർമാർ പറഞ്ഞു. വാച്ചർമാർ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ഇവർ വെള്ളച്ചാട്ടം കാണാനായി മുകളിലേക്ക് കയറിയത്. തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക് കൂടിയതോടെ സംഘം മറുകരയിൽ കുടുങ്ങുകയായിരുന്നു.
കയറ് കെട്ടി ഇവർ കുടുങ്ങിയ സ്ഥലത്തേക്ക് എത്തിയാണ് ഉദ്യോഗസ്ഥർ ഇയാളെ കരയ്ക്ക് എത്തിച്ചത്. മഴ കനത്തിട്ടും മുന്നറിയിപ്പുകൾ വകവെയ്ക്കാതെയാണ് വിനോദസഞ്ചാരികൾ ഇത്തരം കേന്ദ്രങ്ങളിൽ ഇറങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഉച്ചയോടെ പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ നാലംഗ സംഘവും പുഴയുടെ നടുക്ക് കുടുങ്ങിയിരുന്നു. പെട്ടന്ന് വെളളം ഉയർന്നതോടെ പുഴയുടെ നടുവിലെ ഉയർന്ന പാറയിൽ അഭയം പ്രാപിച്ച ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്.