ന്യൂയോർക്ക്: അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന പ്രശംസയുമായി പെന്റഗൺ. വാഷിംഗ്ടണിൽ നടത്തിയ പത്രസമ്മേളനത്തിൽ പെന്റഗൺ പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് ഇന്ത്യയുമായുള്ള ബന്ധം അമേരിക്കയ്‌ക്ക് വളരെ വിലപ്പെട്ടതാണെന്ന് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടുതൽ മെച്ചപ്പെടുത്താനും, പുരോഗതി നേടുന്നതിലും വളരെ അധികം പ്രാധാന്യം നൽകുന്നുണ്ടെന്നും പാറ്റ് റൈഡർ പറയുന്നു.
മാദ്ധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിന് മറുപടി ആയിട്ടാണ് പരാമർശം. ” ഇന്ത്യ അമേരിക്കയുടെ നിർണായക പങ്കാളിയാണ്. എല്ലാ മേഖലയിലും ഈ പങ്കാളിത്തം വികസിപ്പിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും” റൈഡർ പറഞ്ഞു. യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ചും റൈഡർ സംസാരിച്ചു. ” ചർച്ചയ്‌ക്ക് തയ്യാറാണോ എന്നതിൽ ആത്യന്തികമായി തീരുമാനം എടുക്കേണ്ടത് യുക്രെയ്ൻ തന്നെയാണ്. അവരുടെ രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും, പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിലുമെല്ലാം യുക്രെയ്‌ന് ആവശ്യമാ സഹായങ്ങളും പിന്തുണയും നൽകുന്നതിലാണ് ഇ്‌പ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവരുടെ ഓരോ കാര്യത്തിലും എപ്പോഴും അന്തിമ തീരുമാനം എടുക്കേണ്ടത് അവർ തന്നെയാണെന്നും” റൈഡർ പറയുന്നു.
അതേസമയം റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനത്തിലേക്കെത്തിക്കാൻ ഇന്ത്യ മുൻകയ്യെടുക്കണമെന്ന ആവശ്യവുമായി അമേരിക്ക കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. റഷ്യയുമായി ഇന്ത്യയ്‌ക്ക് ദീർഘകാല ബന്ധമാണ് ഉള്ളതെന്നും, ഇത് പ്രയോജനപ്പെടുത്തി യുക്രെയ്‌നെതിരായ പോരാട്ടം അവസാനിപ്പിക്കാൻ പുടിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നുമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ ആവശ്യപ്പെട്ടത്.
” ഇന്ത്യയും റഷ്യയും ഏറെ നാളുകളായി വളരെ അടുത്ത ബന്ധമുള്ള രാജ്യങ്ങളാണ്. ഈ ബന്ധം ഉപയോഗിച്ച് യുക്രെയ്‌നെതിരായ പോരാട്ടം അവസാനിപ്പിക്കാൻ റഷ്യയ്‌ക്ക് മേൽ സമ്മർദ്ദം ചെലുത്തണം. നിയമവിരുദ്ധമായി നടത്തുന്ന പോരാട്ടം അവസാനിപ്പിച്ചുകൊണ്ട് കൊണ്ട് മേഖലയിൽ സമാധാനം ഉറപ്പ് വരുത്തണം. പ്രാദേശിക അഖണ്ഡതയേയും പരമാധികാരത്തേയും ബഹുമാനിക്കാൻ പുടിനോട് ആവശ്യപ്പെടണമെന്നും” മാത്യു മില്ലർ പറയുന്നു.