ബെംഗളൂരു: അദ്ധ്യാപകന്റെ ഭാര്യയുടെ മാനസിക പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കർണാടകയിലെ ദുധിഹള്ളിയിലാണ് സംഭവം. ഹവേരി സ്വദേശി അർച്ചന ഗൗഡന്നവറാണ് മരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ അദ്ധ്യാപകനായ ആരിഫുള്ളയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. പൊലീസ് പെൺകുട്ടിയുടെ മുറിയിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു.
ആരിഫുള്ളയുടെ മകൾ സോയയോടൊപ്പമാണ് പെൺകുട്ടി പഠിക്കുന്നത്. പഠനത്തിലും കായികരംഗത്തും ഇവരുടെ മകളെക്കാൾ മുന്നിലായിരുന്നു അർച്ചന. ഇതിൽ അസൂയപ്പെട്ട ആരിഫുള്ളയുടെ ഭാര്യ അർച്ചനയെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയായിരുന്നു. പഠനത്തിന് മകളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അർച്ചനയെ ഇവർ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
ഈ മാസം രണ്ടിനാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെയാണ് മാതാപിതാക്കൾ പെൺകുട്ടിയുടെ ബാഗിൽ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്. ആരിഫുള്ളയുടെ ഭാര്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കുട്ടി ഉന്നയിക്കുന്നത്. ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചത് അദ്ധ്യാപകന്റെ ഭാര്യയാണെന്ന് കുട്ടി പറയുന്നുണ്ട്. ഇവർ മാനസികമായി തന്നെ തളർത്തിയിരുന്നെന്നും സഹിക്കാൻ വയ്യാതെയാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്നും പെൺകുട്ടി കുറിപ്പിൽ പറയുന്നു.
കത്ത് കണ്ടെടുത്തിന് പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കൾ ആരിഫിനെയും ഭാര്യയെയും സമീപിച്ചിരുന്നു. എന്നാൽ 10 ലക്ഷം രൂപ നൽകാമെന്നും കേസ് ഒതുക്കി തീർക്കാനും അദ്ധ്യാപകനും കുടുംബവും നിർബന്ധിച്ചതായി കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചു.
അദ്ധ്യാപകനും ഭാര്യക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.















