സമൂഹമാദ്ധ്യമങ്ങൾ ഉറ്റുനോക്കിയ ഒന്നായിരുന്നു ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹം. സിനിമാ, വ്യവസായ, രാഷ്‌ട്രീയ മേഖലകളിൽ നിന്ന് പ്രമുഖർ പങ്കെടുത്ത വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ തരംഗമായിരുന്നു. ഇപ്പോഴിതാ ചടങ്ങിനിടെ തെന്നിന്ത്യൻ താരങ്ങളെടുത്ത ഒരു സെൽഫിയാണ് സമൂഹമാദ്ധ്യമ ലോകത്ത് ശ്രദ്ധേയമാവുന്നത്.
സൂര്യ, ജ്യോതിക, ജെനീലിയ, റിതേഷ് ദേശ്മുഖ്, നയൻതാര, വിഘ്നേഷ് ശിവൻ, മഹേഷ് ബാബു, പൃഥ്വിരാജ് എന്നീ തെന്നിന്ത്യൻ താരങ്ങളാണ് ചിത്രത്തിലുള്ളത്. വിഘ്നേഷ് ശിവനാണ് ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘സുന്ദരികളോടെപ്പമുള്ള മനോഹരമായ നിമിഷം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
മഹോഷ് ബാബുവിന്റെ കുടുംബത്തെയും ചിത്രത്തിൽ കാണാം. ഭാര്യ സുപ്രിയയോടൊപ്പമാണ് പൃഥ്വിരാജ് വിവാഹത്തിനെത്തിയത്. ഗോൾഡൻ നിറത്തിലുള്ള വസ്ത്രങ്ങളാണ് താരങ്ങൾ ധരിച്ചിരിക്കുന്നത്. അവരുടെ സമീപത്തായി ഇരിക്കുന്ന ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെയും ഭാര്യ സഞ്ജന ഗണേശനെയും ചിത്രത്തിൽ കാണാം.
അംബാനി കുടുംബത്തിന്റെ കെങ്കേമമായ വിവാഹാഘോഷങ്ങൾ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. വിവാഹത്തിന് കുടുംബാംഗങ്ങൾ ധരിച്ച വസ്ത്രങ്ങളും ആഘോഷത്തിന്റെ മാറ്റ് കൂട്ടാനായി സംഘടിപ്പിച്ച വിവിധ കലാ പരിപാടികളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഓരോ ആഘോഷത്തിലും നവവധു രാധികാ മെർച്ചന്റ് ധരിച്ച വസ്ത്രങ്ങൾ സമൂഹമാദ്ധ്യമ ലോകത്ത് ഇടംപിടിച്ചിരുന്നു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ കോടികൾ വിലമതിക്കുന്ന വസ്ത്രങ്ങളാണ് രാധിക ധരിച്ചിരുന്നത്.