കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് താരമായിരുന്ന ധമ്മിക നിരോഷണയെ (41) വെടിവച്ച് കൊലപ്പെടുത്തി. ഗല്ലേ ജില്ലയിലെ അംബലഗോഡയിലുള്ള വസതിയിൽ വച്ചായിരുന്നു താരത്തിന് നേരെ വെടിവെയ്പ്പുണ്ടായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ആക്രമണ സമയത്ത് ധമ്മികയുടെ ഭാര്യയും രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. അക്രമിയെ ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. കൊലയ്ക്ക് പിന്നിലുള്ള ഉദ്ദേശ്യവും വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ശ്രീലങ്കയിലെ മുൻ അണ്ടർ 19 ക്രിക്കറ്റ് ടീം കാപ്റ്റനായിരുന്നു കൊല്ലപ്പെട്ട ധമ്മിക നിരോഷണ.
ശ്രീലങ്കയുടെ അണ്ടർ 19 ടീമിനായി 2000-ലാണ് ധമ്മിക അരങ്ങേറ്റം കുറിച്ചത്. തുടർന്ന് രണ്ട് വർഷത്തോളം നിരവധി ടെസ്റ്റുകളിലും ഏകദിനങ്ങളിലും കളിച്ചിരുന്നു. കുറച്ചുകാലത്തെ കരിയറിനിടെ മികച്ച ഓൾറൗണ്ടറായി പേരെടുത്ത ധമ്മിക 300-ലധികം റൺസ് നേടുകയും 19 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. 20-ാം വയസിൽ അദ്ദേഹം വിരമിക്കുകയും ചെയ്തു.