ന്യൂഡൽഹി: മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിച്ച് സുപ്രീംകോടതി. പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ചും, പുനഃപരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചും എത്തിയ ഹർജികളാണ് കോടതി പരിഗണിക്കുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആശങ്ക നിലനിൽക്കുന്നതിനാൽ ഇക്കാര്യത്തിൽ ഇന്നുതന്നെ വ്യക്തത വരുത്തുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച സംഘടിതമായി നടത്തിയതെന്ന് ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. എല്ലാ വിദ്യാർത്ഥികളെയും ബാധിച്ചുവെന്ന് വ്യക്തമായാൽ മാത്രമേ പുനഃപരീക്ഷയ്‌ക്ക് ഉത്തരവിടാനാകൂ. പ്രാദേശികമായി ചില പ്രശ്നങ്ങൾ ഉണ്ടായതിന്റെ പേരിൽ പുനഃപരീക്ഷ നടത്തണമെന്ന് ഉത്തരവിടാനാകില്ല. നീറ്റ് പരീക്ഷയെഴുതിയ എല്ലാ വിദ്യാർത്ഥികളെയും ചോദ്യപേപ്പർ ചോർച്ചയും തട്ടിപ്പും ബാധിച്ചുവെന്ന് സ്ഥാപിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ പുനഃപരീക്ഷ നടത്തണമെന്ന തീരുമാനത്തിൽ എത്താൻ സാധിക്കൂവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സമർപ്പിക്കപ്പെട്ട 40 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ഇതിൽ ദേശീയ പരീക്ഷാ ഏജൻസി (NTA) സമർപ്പിച്ച ഹർജിയുമുണ്ട്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിൽ എത്തിപ്പെട്ടിട്ടുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്നാണ് NTAയുടെ ആവശ്യം.