ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ യുഎസ്എയിലാണ് സംഘടിപ്പിച്ചത്. ഇതിൽ ഐസിസിക്ക് വമ്പൻ നഷ്ടമുണ്ടായതെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിടിഐയാണ് ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്. ഐസിസിക്ക് 20 മില്യൺ യുഎസ് ഡോളർ( 167 കോടി രൂപ) ആണ് നഷ്ടമുണ്ടായത്. കാെളംബോയിൽ നടക്കുന്ന വാർഷിക മീറ്റിങ്ങിലാണ് നഷ്ട കണക്കുകൾ നിരന്നത്.
വാർഷിക ജനറൽ മീറ്റിംഗിൽ 9 അജണ്ടകൾക്ക് പുറമേയുള്ള ചർച്ചകളിലാണ് നഷ്ട കണക്ക് ഇടംപിടിച്ചത്. ഇന്ത്യ-പാകിസ്താൻ മത്സരം അടക്കം യുഎസ്എയിലാണ് നടന്നത്. അമേരിക്കയിലെ പിച്ചുകൾ വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. വേഗം കുറഞ്ഞ പിച്ചുകളിൽ റൺസ് കണ്ടെത്താൻ ടീമുകൾ ബുദ്ധിമുട്ടിയിരുന്നു.
താരങ്ങളും ഓഫിഷ്യൽസുമടക്കമുള്ളവർ പിച്ചിനെതിരെ രംഗത്തുവന്നിരുന്നു. അതേസമയം ബിസിസിഐ സെക്രട്ടറി ഐസിസി ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്ന കാര്യമടക്കം യോഗത്തിൽ ചർച്ചയാകുന്നുണ്ട്. ഒരുവർഷം കൂടി ജയ് ഷായ്‌ക്ക് സെക്രട്ടറിയായി കലാവധിയുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച ശേഷമാകും ഐസിസി ചുമതല ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനിക്കുക.