ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ജോ ബൈഡനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാഷിംഗ്ടൺ പോസ്റ്റ് ആണ് ഇത് സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തത്. ബൈഡൻ വിജയിക്കാനുള്ള സാധ്യത അനുദിനം കുറഞ്ഞ് വരികയാണെന്നും, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ സ്വയം പിന്മാറണമെന്ന് ബരാക് ഒബാമ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
ഡോണൾഡ് ട്രംപിനൊപ്പം നടത്തിയ ആദ്യ ഘട്ട സംവാദം കഴിഞ്ഞതിന് പിന്നാലെ ബൈഡനെ വീണ്ടും മത്സരിപ്പിക്കരുതെന്ന ആവശ്യം ഡെമോക്രാറ്റ് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരുന്നു. പാർട്ടി അംഗങ്ങളുടെ ആവശ്യത്തിന് ശക്തി പകരുന്നതാണ് ഒബാമയുടെ നീക്കം. ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ബൈഡന് പകരം മറ്റൊരാളെ കണ്ടെത്തണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായത്. എന്നാൽ തന്നെ പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്നും, യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നുമാണ് ബൈഡന്റെ വാദം. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് ഒരു ഘട്ടത്തിലും പിന്മാറില്ലെന്നും ബൈഡൻ ആവർത്തിക്കുന്നു.
മുതിർന്ന ഡെമോക്രാറ്റ് നേതാക്കളായ നാൻസി പെലോസി, ചക്ക് ഷുമർ, ഹക്കീം ജെഫ്രീസ് എന്നിവരും ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ചക്ക് ഷുമർ, ഹക്കീം ജെഫ്രീസ് എന്നിവരുമായി ബൈഡൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന് നേരെ കൊലപാതകശ്രമം ഉണ്ടായത് അവർക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇതിനിടെ കൊറോണ ബാധിച്ചതിന് പിന്നാലെ ബൈഡൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ബൈഡന് പകരം കമല ഹാരിസിനെ സ്ഥാനത്തേക്ക് എത്തിക്കണമെന്ന ആവശ്യം ഒബാമ മുന്നോട്ട് വച്ചുവെന്നും സൂചനയുണ്ട്. ഒബാമയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് കമല ഹാരിസ്.