കോട്ടയം : വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെതിരെ രൂക്ഷ വിമർശനമുണ്ടായെന്ന വാർത്ത പുറത്തു വിട്ടവർക്കെതിരെ കെ സി വേണുഗോപാൽ രംഗത്തു വന്നു.
“നടക്കാത്ത സംഭവങ്ങൾ മാദ്ധ്യമങ്ങളോട് പറയുന്ന കോൺഗ്രസിലെ കുബുദ്ധികൾക്കെതിരെ നടപടി എടുക്കും.സുൽത്താൻ ബത്തേരിയിൽ നടന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിൽ കെ മുരളീധരനെ വിമർശിച്ച് ആരും സംസാരിച്ചില്ല. എന്നിട്ടും അങ്ങനെ വാർത്ത വന്നു. ഇല്ലാത്ത വാർത്തകൾ എത്തിച്ചു കൊടുക്കുന്നവരെ കണ്ടു പിടിക്കാനുള്ള സംവിധാനമുണ്ടെന്ന് മറക്കരുത് ”
ഡി സി സി യുടെ ആഭിമുഖ്യത്തിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു വേണുഗോപാൽ.
എന്നാൽ കെപിസിസി യുടെ വയനാട് ക്യാമ്പിൽ തൃശൂരിലെ തോൽവി അടക്കം എല്ലാ കാര്യങ്ങളും ചർച്ചയായി എന്ന കാസർഗോഡ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ക്യാമ്പിൽ പങ്കെടുത്ത് തൃശൂരിൽ മൂന്നാം സ്ഥാനത്തേക്ക് പോയതിന്റെ ഉത്തരവാദിത്തം ആർക്കെന്നു പറയാനുള്ള അവസരം കെ മുരളീധരൻ ഉപയോഗപ്പെടുത്തിയില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുക്കാതെ സമ്മേളനത്തിൽ പറയേണ്ട കാര്യങ്ങൾ പുറത്ത് പറയേണ്ട കാര്യമില്ല. രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കൂടുതൽ വായിക്കുക
കെ മുരളീധരനെതിരെ ടി എൻ പ്രതാപനും ഷാനിമോൾ ഉസ്മാനും രൂക്ഷ വിമർശനം ഉന്നയിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വാർത്ത. എന്നാൽ അങ്ങിനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് കെ സുധാകരനും ടി എൻ പ്രതാപനും പറയുന്നു.















