കീവ്: നവംബറിൽ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചാൽ അത് യുക്രെയ്ന് ഗുണം ചെയ്യില്ലെന്ന പരാമർശവുമായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. യുക്രെയ്നെ സംബന്ധിച്ച് അത് വളരെ പ്രയാസകരമായ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സെലൻസ്കി തന്റെ അഭിപ്രായം പങ്കുവച്ചത്.
ട്രംപ് വിജയിച്ചാൽ നിലവിലെ സാഹചര്യത്തിലും യുക്രെയ്നോടുള്ള അമേരിക്കയുടെ നിലപാടിലും മാറ്റമുണ്ടാകുമെന്ന തരത്തിൽ ജെ.ഡി വാൻസ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് സെലൻസ്കിയുടെ പ്രതികരണം. ” ഭാവിയിലേക്കുള്ള കാര്യങ്ങളെ ഓർത്ത് ആശങ്കപ്പെടുന്നില്ല. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഞങ്ങൾക്ക് അമേരിക്കയോടൊപ്പം ചേർന്ന് തന്നെ പ്രവർത്തിക്കേണ്ടതുണ്ടെന്നും” സെലൻസ്കി പറഞ്ഞു.
എഫ്-16 യുദ്ധവിമാനങ്ങൾ കൈമാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നുവെങ്കിലും, 18 മാസം കഴിഞ്ഞിട്ടും ഇത് തങ്ങളിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു. യുക്രെയ്ന് വിമാനങ്ങൾ ആവശ്യമാണെന്നും, വ്യോമയാന മേഖലയിലെ പ്രതിരോധം ഏറെ നിർണായകമാണെന്നും സെലൻസ്കി പറയുന്നു. ബ്രിട്ടന്റെ നിലവിലെ പിന്തുണയിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറയുന്നു. മുൻ ഭരണകൂടത്തിന്റേത് പോല തന്നെ പുതിയ പ്രധാനമന്ത്രി കെയർ സ്റ്റാർമറും യുക്രെയ്നായി നിലകൊള്ളുമെന്ന സൂചനയാണ് ഉള്ളതെന്നും സെലൻസ്കി പറയുന്നു.
നിലവിൽ റഷ്യ-യുക്രെയ്ൻ പോരാട്ടത്തിൽ അമേരിക്ക യുക്രെയ്ന് വേണ്ടി വലിയ തോതിൽ ആയുധങ്ങൾ ഉൾപ്പെടെ കൈമാറിയിരുന്നു. 2022ൽ റഷ്യ യുക്രെയ്നിലേക്ക് സൈന്യത്തെ അയച്ചപ്പോൾ താനാണ് അമേരിക്കയുടെ ഭരണാധികാരിയെങ്കിൽ ആ യുദ്ധം അവിടെ സംഭവിക്കുമായിരുന്നില്ലെന്നാണ് ട്രംപ് ഈ വിഷയത്തിൽ ഒരിക്കൽ പ്രതികരിച്ചത്.















