ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ന് തീപ്പാറും പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ, പാകിസ്താനെ നേരിടും. രാത്രി ഏഴ് മണിക്ക് ശ്രീലങ്കയിലെ രംഗിരി ദാംബുള്ള അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം. ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ വനിതാ ടീമിനെ നയിക്കുന്നത്. നിദാ ദാറിന് കീഴിലാണ് പാകിസ്താൻ ടൂർണമെന്റിന് ഇറങ്ങുന്നത്.
ടൂർണമെന്റിന് മുമ്പ് ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെതിരെ നേടിയ ആധികാരിക ജയങ്ങളുടെ കരുത്തുമായാണ് ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. മെയിലാണ് പാകിസ്താൻ അവസാനമായി ടി20 പരമ്പര കളിച്ചത്. അന്ന് ഇംഗ്ലണ്ടിനോട് സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിരുന്നു. സ്മൃതി മന്ദാന, ദീപ്തി ശർമ്മ, ജെമിമ റോഡ്രിഗസ്, ഷെഫാലി വർമ്മ എന്നിവരുൾപ്പെടുന്ന പരിചയ സമ്പന്നരായ സീനിയർ താരങ്ങളും യുവതാരങ്ങളുമാണ് ഇന്ത്യൻ ടീമിലുള്ളത്. സജന സജീവൻ, ആശാ ശോഭന, ശ്രേയങ്ക പാട്ടീൽ, ഉമാ ഛേത്രി, രേണുക സിംഗ് ഠാക്കൂർ എന്നിവരും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ ആശയ്‌ക്കും സജനയ്‌ക്കും പ്ലേയിംഗ് ഇലവനിൽ ഇടം ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ടി20യിൽ നിന്ന് ബിസ്മ മറൂഫ് വിരമിച്ചതിന് ശേഷമുള്ള ആദ്യ ടൂർണമെന്റിനാണ് പാകിസ്താൻ ഇറങ്ങുന്നത്. 2024 ഏപ്രിൽ 25-നാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് ബിസ്മ മറൂഫ് വിരമിച്ചത്. ക്യാപ്റ്റൻ നിദ, സിദ്ര അമിൻ, ഒമൈമ സൊഹൈൽ, സയ്യിദ അറൂബ് ഷാ എന്നിവരെ ആശ്രയിച്ചാകും പാക് ടീമിന്റെ പ്രകടനം. ടി20യിൽ 14 തവണയും ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും 11 തവണയും ഇന്ത്യൻ വനിതകൾക്കായിരുന്നു ജയം.















