പത്തനംതിട്ട: കനത്ത മഴയിലും അവധി പ്രഖ്യാപിക്കാത്ത ജില്ലാ കളക്ടറോട് രോഷപ്രകടനവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന് നേരെയാണ് കുട്ടികളുടെ അതിരുവിട്ട രോഷപ്രകടനം ഉണ്ടായത്. അസഭ്യപ്രയോഗം മുതൽ ആത്മഹത്യാഭീഷണി വരെയുണ്ടായിരുന്നുവെന്ന് കളക്ടർ പുഞ്ചിരിയോടെ പറയുന്നു.
15 വയസിന് താഴെയുള്ള വിദ്യാർത്ഥികളാണ് സന്ദേശങ്ങൾ അയക്കുന്നത്. സംഭവത്തിൽ രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും വിളിച്ചുവരുത്തി കളക്ടർ ഉപദേശിച്ചുവിട്ടു.
കുട്ടികളുടെ സന്ദേശങ്ങൾ തമാശയായിട്ടാണ് എടുത്തിരുന്നതെന്ന് കളക്ടർ പറഞ്ഞു. ചില സന്ദേശങ്ങൾ സഭ്യമല്ലാത്ത രീതിയിലായിരുന്നു. പേഴ്‌സണൽ അക്കൗണ്ടിലേക്കും ഇത്തരത്തിലുള്ള സന്ദേശങ്ങൾ എത്തിയതോടെയാണ് സൈബർ സെല്ലിനെ സമീപിച്ച് വിശദാംശങ്ങൾ ശേഖരിച്ചതെന്ന് കളക്ടർ പറഞ്ഞു.
ചെറിയ കുട്ടികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് രക്ഷിതാക്കളെ വിളിച്ച് മുന്നറിയിപ്പ് നൽകിയത്. അവധി നൽകാത്ത കളക്ടർ രാജിവെക്കണമെന്നും അവധി തന്നില്ലെങ്കിൽ സ്‌കൂളിൽ പോകില്ല, തന്റെ അവസാനത്തെ ദിവസമായിരിക്കും ഇതെന്നും ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് കളക്ടർക്ക് ലഭിച്ചത്.
ഇത്തരം ഫോൺകോളോ മറ്റ് സന്ദേശങ്ങളോ വന്നാൽ ഇനിയും കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. എങ്ങനെയാണ് അവധി പ്രഖ്യാപിക്കുന്നത് എന്നതിന് പ്രോട്ടോകോൾ നിലനിൽക്കുന്നുണ്ടെന്ന് പ്രേം കൃഷ്ണൻ പറഞ്ഞു.
റെഡ് അലേർട്ട് ആണെങ്കിൽ അവധി പ്രഖ്യാപിക്കുന്നതിൽ തെറ്റില്ല. മറ്റ് അലേർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ തഹസീൽദാർമാരിൽ നിന്നും വില്ലേജ് ഓഫീസർമാരിൽ നിന്നും റിപ്പോർട്ട് തേടിയതിന് ശേഷമാണ് അവധി പ്രഖ്യാപിക്കുന്നത്. കളക്ടർമാരുടെ പേജുകളിൽ അവധി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ ബഹളം സ്ഥിരമാണെന്നും ഇത്തരം പ്രവർത്തിയിലൂടെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തരുതെന്നും പ്രേം കൃഷ്ണൻ പറഞ്ഞു.















