റായ്പൂർ: ഛത്തീസ്ഗഢിലെ ദന്തേവാഡയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാ സേന. തലയ്‌ക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന ഗറില്ലാ സംഘം നേതാവ് എസിഎം സുക്കിയെയാണ് സുരക്ഷാ സേന വധിച്ചത്. ബസ്തർ മേഖലയിൽ സുരക്ഷാ സേന നടത്തുന്ന ഏറ്റുമുട്ടലിലെ സുപ്രധാന നേട്ടമാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ 51 യുവതികളടക്കം 144 മാവോയിസ്റ്റുകളെയാണ് ബസ്തറിൽ സുരക്ഷാ സേന വധിച്ചത്.
ഇന്നലെ ഗഡ്ചിരോലി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചിരുന്നു. വന്ദോലിയിൽ മാവോയിസ്റ്റുകൾ ക്യാമ്പ് ചെയ്യുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ഓപ്പറേഷൻ. 6 മണിക്കൂർ നീണ്ടുനിന്ന വെടിവെപ്പിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. 3 എകെ 47 തോക്കുകൾ, രണ്ട് INSAS, ഒരു കാർബൈൻ, ഒരു SLR തുടങ്ങിയ ആയുധങ്ങൾ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പക്കൽ നിന്ന് കണ്ടെത്തി.
ബിജാപൂരിൽ ബുധാനാഴ്ച രാത്രിയുണ്ടായ ഐഇഡി സ്ഫോടനത്തിൽ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിലെ ചീഫ് കോൺസ്റ്റബിൾ ഭരത് ലാൽ സാഹു, കോൺസ്റ്റബിൾ സതേർ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.