ആദ്യം എറിഞ്ഞൊതുക്കി പിന്നെ അടിച്ചും, ഏഷ്യാ കപ്പിൽ പാകിസ്താൻ വനിതകളെ തരിപ്പണമായി ഇന്ത്യയുടെ പെൺപട. കൃത്യമായ പദ്ധതികളോടെ മൈതാനത്ത് മുന്നേറിയ നീലപ്പട പാകിസ്താൻ ബാറ്റർമാരെ വരിഞ്ഞുകെട്ടിയപ്പോൾ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകൾക്ക് ജയം. 109 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.1 ഓവറിൽ 35 പന്ത് ശേഷിക്കെ വിജയ ലക്ഷ്യം മറികടന്നു. 7 വിക്കറ്റിനായിരുന്നു ഇന്ത്യൻ വനിതകളുടെ ജയം.
പവർ പ്ലേയിൽ കൂറ്റനടികൾക്ക് മുതിരാതെ പതിയെ സ്‌കോർ ഉയർത്താനാണ് ഓപ്പണർമാരായ ഷെഫാലി വർമ്മയും സ്മൃതി മന്ദാനയും ശ്രമിച്ചത്. പവർ പ്ലേ കഴിഞ്ഞതോടെ ഇന്ത്യൻ വനിതകൾ ഗിയർമാറ്റി. ഇരുവരും തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്‌കോർ ബോർഡ് അതിവേഗം ചലിച്ചു. മന്ദാനയെ(45) മടക്കി സെയ്ദ അറൂബാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലൊന്നിച്ച ഹേമലതയെയും കൂട്ടുപിടിച്ച് വിജയ ലക്ഷ്യം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഷെഫാലിയെയും ഇന്ത്യക്ക് നഷ്ടമായി. 40 റൺസെടുത്ത താരത്തെ സെയ്ദ അറൂബ് റണൗട്ടാക്കുകയായിരുന്നു. ഉടൻ ഹേമലതയും(14) മടങ്ങി. ഹർമൻ പ്രീത് കൗറും(5) ജെമീമ റോഡ്രിഗസും (3) ചേർന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
തുബ ഹസനാണ് ഏറ്റവും കൂടുതൽ തല്ലുകൊണ്ടത്. 2 ഓവറിൽ 34 റൺസാണ് താരം വിട്ടു നൽകിയത്. നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 108-റൺസിന് ഓൾഔട്ടായിരുന്നു. ഫാത്തിമ സന- തുബ ഹസൻ സഖ്യമാണ് പാകിസ്താന്റെ രക്ഷക്കെത്തിയത്. 3 വിക്കറ്റ് വീഴ്‌ത്തിയ ദീപ്തി ശർമ്മയാണ് പാക് നിരയുടെ നട്ടെല്ലൊടിച്ചത്.















