ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്ത് സിബിഐ. ബി.ടെക് ബിരുദധാരിയായ യുവാവും രണ്ട് എംബിബിഎസ് വിദ്യാർത്ഥികളുമാണ് അറസ്റ്റിലായത്. ഇതോടെ സിബിഐ അറസ്റ്റ് ചെയ്തവരുടെ എണ്ണം 21 ആയി.
കുമാർ മംഗലം ബിഷ്ണോയ്, ദീപേന്ദർ കുമാർ എന്നിവരാണ് അറസ്റ്റിലായ എംബിബിഎസ് വിദ്യാർത്ഥികൾ. ഇവർ പട്നയിലെ ഭരത്പൂർ മെഡിക്കൽ കോളേജിൽ നിന്നുള്ളവരാണ്. പരീക്ഷ നടന്ന ദിവസം ഇരുവരും ഹസാരിബാഗിൽ ഉണ്ടായിരുന്നുവെന്ന് സിബിഐ അറിയിച്ചു.
എൻഐടി- ജംഷഡ്പൂരിൽ നിന്ന് എൻജിനീയറിംഗ് ബിരുദം സ്വന്തമാക്കിയ ശശി കുമാർ പാസ്വാൻ ആണ് അറസ്റ്റിലായ ബി.ടെക് ബിരുദധാരി. ചോദ്യ പേപ്പർ ചോർച്ചയുടെ ഓൾറൗണ്ടറാണ് ഇയാളെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രധാനപ്രതികൾക്ക് വേണ്ട എല്ലാവിധ സഹായവും എത്തിച്ച് നൽകിയിരുന്നത് ഇയാളായിരുന്നു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ എൻജിനീയർ പങ്കജ് കുമാറിൽ നിന്നും ചോദ്യ പേപ്പറുകൾ വാങ്ങി അത് സോൾവ് ചെയ്തതിന് ശേഷം വിതരണം ചെയ്തത് ഇപ്പോൾ അറസ്റ്റിലായ എംബിബിഎസ് വിദ്യാർത്ഥികളാണ്. ഹസാരിബാഗിലുള്ള എൻഡിഎയുടെ ട്രങ്കിൽ നിന്ന് ചോദ്യപേപ്പർ മോഷ്ടിച്ചയാളാണ് പങ്കജ് കുമാർ.















