ചാരിറ്റിയുടെ തുടർച്ചയായി അല്ല താൻ രാഷ്‌ട്രീയത്തിൽ എത്തിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചാരിറ്റിയും രാഷ്‌ട്രീയപ്രവർത്തനവും രണ്ടാണെന്നും എല്ലാവരെയും സഹായിക്കാൻ മാത്രമുള്ള സമ്പത്ത് തന്റെ കയ്യിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് തൃശ്ശൂർ എംപി കൂടിയായ സുരേഷ് ഗോപി തന്റെ നിലപാടുകൾ തുറന്നു പറഞ്ഞത്.
“ചാരിറ്റി വേറെ രാഷ്‌ട്രീയം വേറെ. ചാരിറ്റിയുടെ തുടർച്ചയായി അല്ല ഞാൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത്. എംപിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വരുന്ന ഒരു അപേക്ഷയും ഞാൻ പരിഗണിക്കുന്നില്ല. രണ്ടും രണ്ടാണ്. ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യാൻ ഒരു ട്രസ്റ്റ് ഉണ്ട്. അവരത് ചെയ്തോളും. ചില കാര്യങ്ങളിൽ ഇടപെടണമെന്ന് എനിക്ക് തോന്നും. അത് ഞാൻ അവരെ അറിയിക്കും. അല്ലാതെ, വരുന്ന അപേക്ഷകൾക്കെല്ലാം പരിഹാരം കണ്ടെത്താൻ ഞാൻ പണം കായ്‌ക്കുന്ന മരമൊന്നും വെച്ചുപിടിപ്പിച്ചിട്ടില്ല”.
“എന്നെക്കാൾ മുൻപേ സിനിമയിൽ വന്നവരാണ് മമ്മൂട്ടിയും മോഹൻലാലും. അവരുടെ സമ്പത്തും എന്റെ സമ്പത്തും ഒന്ന് പരിശോധിച്ചു നോക്കൂ. ഞാനവരുടെ അടുത്തു പോലുമില്ല. ചാരിറ്റിയുടെ തുടർച്ചയാണോ രാഷ്‌ട്രീയമെന്ന് ചോദിക്കുന്നത് തെറ്റാണ്”-സുരേഷ് ഗോപി പറഞ്ഞു.