മമ്മൂട്ടിയേയും മോഹൻലാലിനെയും സുരേഷ് ഗോപിയേയുമെല്ലാം സൂപ്പർസ്റ്റാർ ആക്കിയത് നിർമ്മാതാവ് അരോമ മണി ആണെന്ന് ഗായകൻ എം ജി ശ്രീകുമാർ. അരോമ മണിയുടെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ഗായകൻ. അരോമ മണിയുമൊത്തമുള്ള ഓർമ്മകളും എംജി ശ്രീകുമാർ പങ്കുവെച്ചു.
“അരോമ മണി ചേട്ടൻ എത്ര സിനിമകൾ പ്രൊഡ്യൂഴ്സ് ചെയ്തു. അദ്ദേഹം ജനിച്ചത് തന്നെ നല്ല ഒരു പിടി സിനിമകൾ മലയാളികൾക്ക് സമ്മാനിക്കാനാണ്. ഇരുപതാം നൂറ്റാണ്ട്, ഒരു സിബിഐ ഡയറിക്കുറിപ്പും അതിന്റെ പരമ്പരകളും, കോട്ടയം കുഞ്ഞച്ചൻ, ധ്രുവം, കമ്മീഷണർ ഇങ്ങനെ നീളുന്നു മണി സർ നിർമ്മിച്ച സിനിമകൾ. അങ്ങനെ നോക്കുമ്പോൾ മമ്മൂട്ടിയെയും മോഹൻലാലിനെയും സുരേഷ് ഗോപിയെയുമെല്ലാം സൂപ്പർ സ്റ്റാറുകൾ ആക്കിയത് മണി സർ ആണ്. ഒരു നല്ല നിർമ്മാതാവ് ഇല്ലാതെ ഒരു സിനിമയുണ്ടാകില്ല. ഒരു സിനിമ ഉണ്ടായാലേ നായകനും നായികയും ബാക്കി താഴോട്ടുള്ള എല്ലാവരും ഉണ്ടാവുകയുള്ളൂ”.
“സംവിധായകർ ഉണ്ടാവും. പക്ഷേ സംവിധായകർ മനസ്സിൽ കാണുന്നത് സ്ക്രീനിൽ എത്തിക്കാൻ ഒരു നിർമ്മാതാവ് ആവശ്യമാണ്. എന്നെ വിഷമിപ്പിക്കുന്ന ഒരു കാര്യം എന്തെന്നാൽ, പണ്ടത്തെ ഒട്ടുമിക്ക നിർമ്മാതാക്കളും ഒരു രൂപ പോലും എടുക്കാൻ ഇല്ലാതെ ഇന്ന് ജീവിക്കുന്നുണ്ട്. അവരെ സഹായിക്കാൻ ഒരു സൂപ്പർസ്റ്റാറുകളും പോകാറുമില്ല. അവർ അറിയുന്നില്ല എന്നതാണ് സത്യം. ഓരോരുത്തരും ഓരോ മുദ്ര പതിപ്പിച്ചിട്ടാണ് ഈ ഭൂമി വിട്ടു പോകുന്നത്. കുറെ നല്ല ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടാണ് മണിച്ചേട്ടൻ പോയത്”-എം ജി ശ്രീകുമാർ പറഞ്ഞു.















