റിച്ചാഘോഷും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറും ചേർന്ന് ബാറ്റിംഗ് വിരുന്നൊരുക്കിയ മത്സരത്തിൽ യുഎഇയെ തകർത്ത് ഇന്ത്യക്ക് 78 റൺസിന്റെ കൂറ്റൻ ജയം. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎഇക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുക്കാനെ സാധിച്ചുള്ളു. രണ്ടാം ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പിന്റെ സെമിയുറപ്പിച്ചു. 29 പന്തിൽ 64 റൺസെടുത്ത റിച്ചാ ഘോഷാണ് കളിയിലെ താരം. ക്യാപ്റ്റൻ ഹർമൻ 47 പന്തിൽ 66 റൺസെടുത്തു. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഉയര്‍ന്ന ടീം ടോട്ടലാണ് ഇന്ന് പിറന്നത്.2018ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 198 റണ്‍സാണ് പഴങ്കഥയായത്. ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്താനെ കീഴടക്കിയിരുന്നു.
ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ യുഎഇയുടെ തുടക്കം തകർച്ചയോടെയായിരുന്നു.നാലു റണ്‍സെടുത്ത തീര്‍ത്ഥ സതീഷിനെ മടക്കി രേണുക സിംഗ് നിലപാട് വ്യക്തമാക്കി. തൊട്ടുപിന്നാലെ റിനിത രജിതിനെ(7) മടക്കി പൂജ വസ്ത്രാക്കറും ഇന്ത്യക്ക് ആശിച്ച തുടക്കം സമ്മാനിച്ചു. സമൈറ ധര്‍ണധാരക(5) അഞ്ചാം ഓവറിൽ മടങ്ങിയതോടെ യുഎഇ 36ന് 3 എന്ന നിലയിലേക്ക് വീണു.
ക്യാപ്റ്റന്‍ ഇഷ രോഹിത്(38) കാവിഷ എഗോഡഗെയും(40*) നാലാം വിക്കറ്റിലെ കൂട്ടുക്കെട്ടാണ് വലിയൊരു തകർച്ചയിൽ നിന്ന് യുഎഇയെ കരകയറ്റിയത്. 38 റണ്‍സെടുത്ത ഇഷയെ തനുജ കന്‍വര്‍ വീഴ്‌ത്തിയപ്പോൾ ഖുഷി ശർമ്മയെ(10) പൂനം യാദവും മടക്കി.ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് എടുത്തു. ഇന്ത്യൻ നിരയിൽ ഷഫാലി വർമ 18 പന്തില്‍ 37 റൺസെടുത്തു. അവസാന ഓവറിൽ തുടർച്ചയായ അഞ്ചു ബൗണ്ടറി നേടിയാണ് റിച്ചാഘോഷ് ഇന്ത്യക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.















