ലക്ഷം രൂപയുടെ DSLR കാമറ വാങ്ങാൻ സ്വർണാഭരണം മോഷ്ടിച്ച വീട്ടുജോലിക്കാരി പിടിയിൽ. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. നീതുയാദവ് എന്ന 30-കാരിയാണ് ഉയർന്ന ക്വാളിറ്റിയുള്ള വീഡിയോ റീലുകൾ ചെയ്യാൻ കാമറ വാങ്ങാൻ മോഷണം നടത്തിയത്. നിക്കോണിന്റെ DSLR വാങ്ങി ഇൻസ്റ്റഗ്രാം യുട്യൂബ് വീഡിയോകൾ ചെയ്യുകയായിരുന്നു ഉദ്ദേശം.
എന്നാൽ മോഷണം നടന്നതിന് തൊട്ടുപിന്നാലെ ഇവർ പിടിയിലായി. ഇവർ ജോലിക്ക് നിന്നിരുന്ന ബംഗ്ലാവിന്റെ ഉടമയാണ് പരാതി നൽകിയത്. സ്വർണ കൈ ചെയിനും വെള്ളി മാലയും നഷ്ടമായെന്നായിരുന്നു പരാതി. വീട്ടുജോലിക്കാരിയെയാണ് സംശയമെന്നും അറിയിച്ചിരുന്നു. നീതുവിന്റെ ഫോണിൽ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഇത് സ്വിച്ച്ഡ് ഓഫായിരുന്നു. നൽകിയിരുന്ന വിലാസവും വ്യാജമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷത്തിൽ ഇവരുടെ ശരിയായ വിലാസം ലഭിച്ചു.
ബാഗുമായി ഡൽഹിയിൽ നിന്ന് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലായത്. ബാഗിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ കണ്ടെടുത്തു. രാജസ്ഥാൻ സ്വദേശിയായ നീതു ഭർത്താവിന്റെ ഉപദ്രവം കാരണമാണ് ഡൽഹിയിലേക്ക് വന്നത്. കാമറ വാങ്ങാൻ പലരോടും കടം ചോദിച്ചിരുന്നെങ്കിലും ലഭിക്കാതായതോടെയാണ് ആഭരണങ്ങൾ മോഷ്ടിച്ചതെന്ന് പൊലീസിന് മൊഴി നൽകി.