ന്യൂഡൽഹി: ഇന്ന് പാർലമെന്റ് വർഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ എംപിമാർക്ക് ഭീഷണി സന്ദേശം. പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി. ഖാലിസ്ഥാൻ ഭീകരവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസാണ് ഭീഷണി മുഴക്കിയത്. സിപിഎം രാജ്യസഭാ എംപിമാരായ എ.എ റഹീമിനും വി ശിവദാസിനുമാണ് ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാന് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ എംപിമാർ വീട്ടിലിരിക്കേണ്ടി വരുമെന്നും സന്ദേശത്തിൽ പറയുന്നു.
ഇന്നലെ രാത്രി 11.30-ഓടെയാണ് ജിഒകെ പട്വൻ സിംപന്നു, സിഖ് ഫോർ ജസ്റ്റിസ് ജനറൽ കൗൺസിൽ എന്ന പേരിലുള്ള സന്ദേശം ലഭിച്ചത്. സന്ദേശം ലഭിച്ച ഉടൻ എംപിമാർ ഡൽഹി പൊലീസിന് വിവരം കൈമാറി. ഉദ്യേഗസ്ഥർ സ്ഥലത്തെത്തി എംപിമാരുടെ മൊഴി രേഖപ്പെടുത്തി.
പുതിയ പാർലമെന്റിൽ ആദ്യ സമ്മേളനം തുടങ്ങിയതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒരു സംഘം ആളുകൾ പുകയാക്രമണം നടത്തിയിരുന്നു. പിന്നാലെ പാർലമെന്റിന്റെ സുരക്ഷാ ചുമതല കഴിഞ്ഞ മെയിൽ സിഐഎസ്എഫ് ഏറ്റെടുത്തിരുന്നു. പുതിയ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കി സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.