ഇന്ത്യൻ ടീം പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ഗൗതം ഗംഭീറിന്റെ ആദ്യ വാർത്താസമ്മേളനം ഇന്ന്. ശ്രീലങ്കൻ പര്യടനത്തിന് ടീം പുറപ്പെടും മുമ്പ് ഇന്ന് രാവിലെ 10-നാണ് വാർത്താ സമ്മേളനം. ജിയോ സിനിമയിൽ വാർത്താസമ്മേളനം തത്സമയം കാണാം.
ചീഫ് സെലക്ടർ അജിത് അഗാർക്കറും വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. ലങ്കൻ പര്യടനത്തിലെ ടീം തെരഞ്ഞടുപ്പിനെ പറ്റി ഗംഭീർ സംസാരിക്കും. 27-നാണ് ശ്രീലങ്കയ്‌ക്കെതിരായ ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്.
ടി20യിൽ രോഹിത് ശർമ്മയുടെ പിൻഗാമിയായി നായകസ്ഥാനത്തേക്ക് സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിലും, ഏകദിന, ടി20 ടീമുകളുടെ വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ നിയമിച്ചത് ഉൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് ഗംഭീർ മറുപടി പറയും. പരിശീലക സംഘത്തിലെ മറ്റുള്ളവർ ആരെന്ന ചോദ്യത്തിനും ഇന്ന് വിരാമമായേക്കും. അഭിഷേക് നായർ, റയാൻ ടെൻ ഡോഷെ എന്നിവരെ അസിസ്റ്റന്റ് കോച്ചുമാരായിട്ടും ടി ദിലീപ് ഫീൽഡിംഗ് കോച്ചായും, മോണി മോർക്കൽ ബൗളിംഗ് കോച്ചായും എത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിലും ഇന്ന് സ്ഥിരീകരണമുണ്ടായേക്കും.
സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, അഭിഷേക് ശർമ്മ എന്നിവരെ വിവിധ ഫോർമാറ്റുകളിൽ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചും ഗംഭീർ വിശദീകരിക്കുമെന്നാണ് വിവരം. ഏകദിന ടീമിൽ ഹർഷിത് റാണ, റിയാൻ പരാഗ് എന്നിവരെ ഉൾപ്പെടുത്തിയതിലും ഗംഭീർ മനസുതുറക്കും.