വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ വിജയിച്ചതിന് പിന്നാലെ ലോക ടെസ്റ്റ് റാങ്കിംഗിൽ മുന്നേറി ഇംഗ്ലണ്ട്. റാങ്കിംഗിൽ താഴെയായിരുന്ന ഇംഗ്ലണ്ട് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ ആറാമതാണ്. 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും ആറ് തോൽവിയും ഒരു സമനിലയുമായാണ് ഇംഗ്ലണ്ടിന്റെ റാങ്കിംഗിലെ മുന്നേറ്റം. 9 മത്സരങ്ങളിൽ നിന്ന് 6 ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി ഇന്ത്യയാണ് റാങ്കിംഗിൽ ഒന്നാമത്. 241 റൺസിന്റെ കനത്ത തോൽവി വഴങ്ങിയ വെസ്റ്റിൻഡീസ് ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.
വെസ്റ്റിൻഡീസിനെതിരായ മൂന്നാമത്തെ ടെസ്റ്റും വിജയിച്ചാൽ റാങ്കിംഗിൽ ഒരുപടി മുകളിലേക്ക് കൂടി ഇംഗ്ലണ്ട് മുന്നേറും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ടിന് ഇനി 10 മത്സരങ്ങളാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 21 മുതൽ 25 വരെ സ്വന്തം മണ്ണിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത ടെസ്റ്റ്. ഒക്ടോബറിൽ പാകിസ്താനെതിരെയും നവംബർ- ഡിസംബർ മാസങ്ങളിൽ ന്യൂസിലൻഡിനെതിരെയും ടെസ്റ്റ് കളിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാൻ ഇംഗ്ലണ്ടിന് ഇനിയും വിജയം ആവശ്യമാണ്.
പൊരുതാൻ പോലും തയ്യാറാകാതെയാണ് രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മുന്നിൽ വെസ്റ്റിൻഡീസ് വീണത്. 241 റൺസിന്റെ കൂറ്റൻ വിജയമാണ് ഇംഗ്ലീഷ് പട സ്വന്തമാക്കിയത്. 41 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്‌ത്തിയ ഷൊയ്ബ് ബഷീറിന്റെ ഉഗ്രൻ പ്രകടനമാണ് കരീബിയൻ കരുത്തരെ തകർത്തത്.















