ടി20 ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഹാർദിക് പാണ്ഡ്യ. അമേരിക്കയിലും വെസ്റ്റിൻഡീസിലും നടന്ന ടൂർണമെന്റിൽ ബാറ്റിംഗിലും ബൗളിംഗിലും താരം തിളങ്ങിയിരുന്നു. രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചതോടെ പാണ്ഡ്യ നായകനാകുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ടി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് സൂര്യ കുമാർ യാദവിനെയാണ് സെലക്ഷൻ കമ്മിറ്റി നായകനായി പരിഗണിച്ചത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ഹാർദിക്കിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകാൻ കാരണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കർ.
”ഇന്ത്യൻ ടീമിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഹാർദിക് പാണ്ഡ്യ. പക്ഷേ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോൾ കായികക്ഷമത ഒരു പ്രശ്‌നമാണ്. സെലക്ടർമാരെ സംബന്ധിച്ചും പരിശീലകനെ സംബന്ധിച്ചും അദ്ദേഹത്തെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എല്ലാ മത്സരങ്ങളിലും കളിക്കാൻ കഴിയുന്ന താരത്തെ നായകനാക്കാനാണ് ടീം മനേജ്‌മെന്റ് താത്പര്യപ്പെട്ടത്. ക്യാപ്റ്റനെന്ന നിലയിൽ ടീമിനെ നയിക്കാനും വിജയങ്ങൾ സമ്മാനിക്കാനും കഴിവുള്ള താരമാണ് സൂര്യകുമാർ യാദവ്. അങ്ങനെയാണ് ടി20 നായകസ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിച്ചത്.”- അഗാർക്കർ പറഞ്ഞു.
ടി20യിലെ സൂര്യകുമാർ യാദവിന്റെ പ്രകടനത്തെ കുറിച്ച് ഒരിക്കലും ആശങ്കയുണ്ടായിട്ടില്ലെന്നും ക്യാപ്റ്റൻസി നൽകുന്നത് ആലോചിച്ചെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കൻ പര്യടനത്തിന് പോകുന്നതിന് മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് അഗാർക്കർ ഇക്കാര്യം പറഞ്ഞത്. ലങ്കൻ പര്യടനത്തിനുള്ള ഏകദിന ടീമിൽ പാണ്ഡ്യയില്ല.















