ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ രോഹിത് ശർമ്മയ്‌ക്കും വിരാട് കോലിക്കും 2027-ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് തെളിയിച്ച താരങ്ങളാണ് ഇരുവരുമെന്ന് മുംബൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
രോഹിത്തിനും വിരാടിനും ഇനിയും കരിയർ ബാക്കിയുണ്ട്. ഇരുവരും ലോകോത്തര താരങ്ങളാണ്. 2025-ലെ ചാമ്പ്യൻസ് ട്രോഫിയിൽ ഇരുവരും കളിക്കും. ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ 2027-ലെ ഏകദിന ലോകകപ്പും അവർക്ക് കളിക്കാനായേക്കും. ടി20യിൽ നിന്ന് വിരമിച്ച രോഹിത്തിനും വിരാടിനും ഏകദിനത്തിലും ടെസ്റ്റിലും കൂടുതൽ ശ്രദ്ധചെലുത്താനാകും. കൂടുതൽ മത്സരങ്ങളിൽ അവരുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അവരുടെ ഫിറ്റ്‌നസ് സെലക്ടർമാർ നിരീക്ഷിക്കുമെന്നും ഗംഭീർ പറഞ്ഞു. രോഹിതും വിരാടും രണ്ട് ഫോർമാറ്റുകളിൽ മാത്രമേ കളിക്കുന്നുള്ളൂ. അതിനാൽ അവർക്ക് കളിയുടെ ആധിക്യം മാനേജ് ചെയ്യാനാവുമെന്നും നന്നായി കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
”ജസ്പ്രീത് ബുമ്രയെ പോലുള്ള ഒരുതാരത്തിന്റെ ജോലിഭാരം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. കായിക ലോകം ശ്രദ്ധിക്കുന്ന അപൂർവ്വ ബൗളറാണ് ബുമ്ര. അദ്ദേഹം പ്രധാനപ്പെട്ട എല്ലാ ടൂർണമെന്റുകളുടെയും ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹം. ജോലിഭാരം ക്രമീകരിക്കുന്നത് ബുമ്രയ്‌ക്കു മാത്രമല്ല, എല്ലാ പേസ് ബോളർമാരെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്.” ഗംഭീർ പറഞ്ഞു. കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ഷമി. ബൗളിംഗ് പരിശീലനം നടത്തുന്നുണ്ട് താരം. സെപ്റ്റംബർ 19-ന് നടക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പായി ഷമി ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ളവരുമായി ഷമിയുടെ തിരിച്ച് വരവിനെ കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.















