ന്യൂയോർക്ക്: ബൈഡന്റെ പിന്മാറ്റത്തിന് പിന്നാലെ തന്റെ വിജയസാധ്യത വളരെയധികം വർദ്ധിച്ചുവെന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഡെമോക്രാറ്റിക് പാർട്ടി നവംബറിൽ വൻ വിജയം നേടുമെന്നും, ട്രംപിന്റേത് അമിത ആത്മവിശ്വാസമാണെന്നും കമല ഹാരിസ് പരിഹസിച്ചു. ഡെമോക്രാറ്റിക് പാർട്ടി യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻനിരയിലുള്ള വ്യക്തിയാണ് കമല ഹാരിസ്.
നവംബറിൽ നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്നാണ് ഡെലവെയറിലെ വിൽമിംഗ്ടണിൽ പാർട്ടി പ്രചാരണ പരിപാടിയെ അഭിസംബോധന ചെയ്ത് കൊണ്ട് കമല പറഞ്ഞത്. ട്രംപിനെ നേരിടാൻ താൻ തയ്യാറാണെന്നും കമല പറയുന്നു. ട്രംപ് വഞ്ചകനാണെന്നും, ഏത് തരക്കാരനാണെന്ന് അറിയാമെന്നും കമല ഹാരിസ് പറയുന്നു. ” സ്ത്രീകളെ ചൂഷണം
ചെയ്യുന്നവരാണ് അവർ, സ്വന്തം നേട്ടത്തിനായി നിയമങ്ങളും ലംഘിച്ചു. അതുകൊണ്ട് തന്നെ ട്രംപ് ഏത് തരക്കാരനാണെന്ന് എനിക്ക് വ്യക്തമായി അറിയാം.
രാജ്യത്തെ ഓരോ പൗരനും പൂർണ സ്വാതന്ത്ര്യവും അവകാശങ്ങളും ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ അതൊന്നുമില്ലാത്ത ഇരുണ്ട കാലഘട്ടത്തിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാനാണ് ട്രംപ് ആഗ്രഹിക്കുന്നത്. ഓരോ പൗരനും സമൂഹത്തിൽ കൃത്യമായ ഇടം വേണം. അതിലാണ് ഞങ്ങൾ വിശ്വസിക്കുന്നത്. രാജ്യത്തെ പിറകോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങളെ ജനങ്ങൾ തന്നെ എതിർക്കണമെന്നും” കമല ഹാരിസ് പറയുന്നു.
അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ടാണ് കമല ഹാരിസ് കളത്തിലിറങ്ങുന്നത്. അടുത്ത മാസത്തോടെ പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. നിലവിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടെ ഭൂരിഭാഗം പേരുടേയും പിന്തുണ സ്വന്തമാക്കാൻ കമല ഹാരിസിന് സാധിച്ചിട്ടുണ്ട്. മുൻ യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയും കമല ഹാരിസിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കമല ഹാരിസിന്റെ പേര് സ്ഥാനത്തേക്ക് ഉയർന്നത് അഭിമാനത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയുമാണ് കാണുന്നതെന്നാണ് നാൻസി പെലോസി പ്രതികരിച്ചത്.















