മുൻ ഇന്ത്യൻ ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസും ദ്രാവിഡും തമ്മിലുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ നിലവിലെ പരിശീലകൻ കുമാർ സംഗക്കാരയാണ്.
രാജസ്ഥാൻ റോയൽസിന്റെ മുൻ നായകനായിരുന്നു ദ്രാവിഡ്. 2013-ലെ ടി20 ചാമ്പ്യൻ ലീഗ് ഫൈനലിലും ഐപിഎൽ പ്ലേ ഓഫിലും ടീമിനെ നയിച്ചത് ദ്രാവിഡായിരുന്നു. 2014, 2015 വർഷങ്ങളിൽ ടീമിന്റെ മെന്ററായി രാഹുൽ ദ്രാവിഡ് പ്രവർത്തിച്ചിരുന്നു. 2015-ലാണ് ബിസിസിഐയുമായി മുൻ ഇന്ത്യൻ പരിശീലകൻ കരാറിലെത്തുന്നത്. 2021 ഒക്ടോബറിൽ സീനിയർ ടീമിന്റെ പരിശീലകനാകുന്നതിന് മുമ്പ് അണ്ടർ 19, ഇന്ത്യൻ എ ടീമുകളുടെ പരിശീലകനായിരുന്നു. പിന്നീട് എൻ.സി.എയുടെ ചെയർമാനായും ദ്രാവിഡ് മാറി.
കുമാർ സംഗക്കാരയെ രാജസ്ഥാൻ റോയൽസ് നിലനിർത്തുമോ എന്നതിൽ വ്യക്തതയില്ല. സഞ്ജുവിന് കീഴിൽ രാജസ്ഥാൻ റോയൽസ് കഴിഞ്ഞ കുറച്ച് സീസണുകളിലായി മികച്ച പ്രകടനമാണ് കാഴ്ചവയ്‌ക്കുന്നത്.