ന്യൂഡൽഹി ; 5 വർഷത്തിനുള്ളിൽ 4 കോടി യുവാക്കൾക്ക് തൊഴിൽ ലഭിക്കുമെന്ന് മന്ത്രി നിർമ്മല സീതാരാമൻ. തൊഴിൽ നൈപുണ്യങ്ങൾ, എംഎസ്എംഇ, മധ്യവർഗം എന്നിവയ്ക്കാണ് ബജറ്റിൽ പ്രത്യേകം ശ്രദ്ധ നൽകിയിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
4.1 കോടി യുവാക്കൾക്ക് തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ 5 പദ്ധതികളുടെയും സംരംഭങ്ങളുടെയും പാക്കേജ് പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന 5 വർഷത്തേക്ക് നീട്ടിയതായും ധനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തിനും തൊഴിലിനും നൈപുണ്യ വികസനത്തിനുമായി 1.48 ലക്ഷം കോടി രൂപ വകയിരുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത വർഷം സർക്കാർ തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ പദ്ധതികൾ ആരംഭിക്കുമെന്നും ബജറ്റിൽ പറയുന്നു.തൊഴിൽ വിപണിയിൽ പ്രവേശിക്കുന്ന 30 ലക്ഷം യുവാക്കൾക്ക് ഒരു മാസത്തെ പിഎഫ് വിഹിതം നൽകും.
തൊഴിൽമേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിന് മുൻഗണന നൽകും . സ്ത്രീകളുടെ പ്രത്യേക നൈപുണ്യ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഹോസ്റ്റലുകൾ സ്ഥാപിക്കും .എല്ലാ മേഖലകളിലും അധിക തൊഴിലവസരങ്ങൾ ലഭ്യമാക്കും. അധികമായി ലഭിക്കുന്ന ഓരോ ജീവനക്കാരന്റെയും ഇപിഎഫ്ഒ സംഭാവനകളിലേക്കായി സർക്കാർ രണ്ട് വർഷത്തേക്ക് തൊഴിലുടമകൾക്ക് പ്രതിമാസം 3,000 രൂപ വരെ തിരികെ നൽകും. 50 ലക്ഷം പേർക്ക് അധിക തൊഴിലവസരങ്ങൾ നൽകാനാണ് ഇത് വഴി ലക്ഷ്യമിടുന്നത്.
ആദ്യമായി ജോലി ചെയ്യുന്ന ജീവനക്കാരെ അംഗീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. എല്ലാ ഔപചാരിക മേഖലകളിലും ജോലിയിൽ പ്രവേശിക്കുമ്പോൾ ആദ്യമായി ജോലി ചെയ്യുന്നവർക്ക് ഒരു മാസത്തെ വേതനം ലഭിക്കും. 15,000 രൂപ വരെ ഒരു മാസത്തെ ശമ്പളത്തിന്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) മൂന്ന് ഗഡുക്കളായി നൽകും. ഈ ആനുകൂല്യത്തിനുള്ള യോഗ്യതാ പരിധി പ്രതിമാസം ഒരു ലക്ഷം രൂപയായിരിക്കും . ഇത് 2.1 ലക്ഷം യുവാക്കൾക്ക് പ്രയോജനം ചെയ്യും.
ഇന്ത്യയിൽ തൊഴിലവസരങ്ങൾ 2023-ൽ 3.2% ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിൽ 6%, ആയി വർധിച്ചു. ഈ കാലയളവിലെ തൊഴിൽ സൃഷ്ടിക്കൽ 46.7 ദശലക്ഷമാണ്, ഇത് രാജ്യത്തെ മൊത്തം തൊഴിലവസരങ്ങൾ 643.3 ദശലക്ഷമായി ഉയർത്തി.