ന്യൂഡൽഹി: ബജറ്റ് അവതരണ ദിനത്തിൽ രാജ്യത്തിലെ എല്ലാ കണ്ണുകളും ധനമന്ത്രി നിർമ്മലാ സീതാരാമനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ധനമന്ത്രി തയ്യാറാക്കുന്ന ബജറ്റിനൊപ്പം അന്ന് ധരിച്ചിരിക്കുന്ന സാരിയും എപ്പോഴും ചർച്ചയാകാറുണ്ട്. ഏഴാം ബജറ്റ് അവതരണത്തിനായി ധനമന്ത്രി തെരഞ്ഞെടുത്തത് മജന്തയും ഗോൾഡനും ബോർഡറുള്ള വെളുത്ത പട്ടുസാരിയാണ്. ആന്ധ്രയിൽ നിന്നുള്ള ഈ ഓഫ്-വൈറ്റ് സിൽക്ക് സാരിക്ക് ‘മംഗൾഗിരി’ എന്നാണ് പേര്.
2019ൽ ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയ കാലം മുതൽ നിർമ്മല സീതാരാമന്റെ സാരികളും വാർത്തകളിൽ ഇടം നേടാറുണ്ട്. കൈത്തറിയിൽ നെയ്തെടുത്ത സാരികളാണ് ഇവയെല്ലാം എന്നതാണ് ഒരു പ്രത്യേകത. ഈ വർഷമാദ്യം, ഇടക്കാല ബജറ്റിനായി ബംഗാളില്‍ നിന്നുള്ള ഇളം നീല നിറത്തിലുള്ള ടസർ സിൽക്കിന്റെ സാരിയാണ് നിര്‍മ്മലാ സീതാരാമൻ ധരിച്ചത്. ബംഗാളിലെ കുടിൽവ്യവസായമെന്ന നിലയിൽ പേരുകേട്ട ‘കാന്ത’ വർക്കായിരുന്നു ചിത്ര തുന്നലുകളോടു കൂടിയ ടസർ സിൽക്ക് സാരിയിൽ. റണ്ണിങ് സ്റ്റിച്ചിങ് എന്ന ലളിതമായ തുന്നൽ ചേരുന്നതാണ് ‘കാന്ത’ എംബ്രോയ്ഡറി.
2023-ൽ സഹമന്ത്രി പ്രൾഹാദ് ജോഷി സമ്മാനിച്ച, കൈകൊണ്ട് നവലഗുണ്ട എംബ്രോയ്ഡറി ചെയ്ത ചുവന്ന നിറത്തിലുള്ള സാരിയാണ് അവർ ധരിച്ചത്. ഈ സാരിയിൽ മയില്‍, താമര, രഥം, ഗോപുരം തുടങ്ങിയ രൂപങ്ങൾ എംബ്രോയ്ഡറി ചെയ്തിരുന്നു.
2022-ലെ ബജറ്റ് അവതരണത്തിനായി റസ്റ്റ്- മെറൂണ്‍ നിറത്തിലുള്ള ബോംകൈ സാരിയാണ് മന്ത്രി തെരഞ്ഞെടുത്തത്. ഇതിന് വെള്ളി നിറത്തിലെ ബോർഡർ ആയിരുന്നു.
2021-ൽ ചുവപ്പും ഓഫ് വൈറ്റ് നിറവും ചേര്‍ന്ന പോച്ചംപള്ളി സാരിയിലാണ് നിർമ്മലാ സീതാരാമൻ എത്തിയത്. തെലങ്കാനയിലെ ഭൂദാനിലുള്ള പോച്ചംപള്ളിയിലാണ് ഈ സാരി നെയ്തത്.
നീല ബോർഡറുള്ള ഗോൾഡൻ സിൽക്ക് സാരിയായിരുന്നു 2020-ൽ ബജറ്റ് അവതരണത്തിനായി ധനമന്ത്രി തിരഞ്ഞെടുത്തത്. ക്രിസ്പ് യെല്ലോ- ഗോള്‍ഡ് നിറമായിരുന്നു സാരിക്ക്.
നിർമ്മലാ സീതാരാമന്റെ ആദ്യ ബജറ്റായ 2019-ൽ പിങ്ക് മംഗള്‍ഗിരി സാരിയാണ് ധരിച്ചിരുന്നത്. സാരിക്ക് വെള്ളി നിറത്തിലുള്ള ബോർഡറായിരുന്നു. ബജറ്റ് രേഖകൾ ബ്രീഫ് കേസില്‍ കൊണ്ടുവരുന്ന പതിവ് മാറ്റിയതും ഈ ബജറ്റിലായിരുന്നു. ഇതിന് പകരം ബജറ്റ് പേപ്പറുകള്‍ ചുവന്ന സില്‍ക്ക് തുണിയില്‍ പൊതിഞ്ഞായിരുന്നു അന്ന് മുതൽ കൊണ്ടു വന്നത്. ഇതിനോടൊപ്പം ദേശീയ ചിഹ്നവും പതിപ്പിച്ചിരുന്നു.