ന്യൂഡൽഹി: ചന്ദ്രയാൻ 3ന്റെ വിജയത്തോടെ ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയ ഇന്ത്യൻ ബഹിരാകാശ മേഖലയ്ക്ക് 1,000 കോടി പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. ബഹിരാകാശ മേഖലയിലെ സാങ്കേതികവിദ്യകൾ കൂടുതൽ വികസിപ്പിച്ചെടുക്കുന്നതിനായാണ് 1,000 കോടി രൂപ പ്രഖ്യാപിച്ചിരിക്കുന്നതെന്നും നിർമലാ സീതാരാമൻ പറഞ്ഞു.
അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ബഹിരാകാശ സമ്പദ് വ്യവസ്ഥയെ അഞ്ചിരട്ടിയായി വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ ഊന്നൽ നൽകും. ബഹിരാകാശ സാങ്കേതിക വികസനപ്രവർത്തനങ്ങൾക്കായി 1,000 കോടി രൂപ നൽകുമെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ത്യയിലെ 180ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതും, സഹായിക്കുന്നതുമാണ് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം.
ഉപഗ്രഹങ്ങൾ, റോക്കറ്റുകൾ, പേടകങ്ങൾ തുടങ്ങി ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ സെക്ടറുകളിലും കഴിഞ്ഞ കുറച്ച് വർഷമായി ഇന്ത്യ മികച്ച പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യക്ക് 18 കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റോടു കൂടിയ 55 ആക്റ്റീവ് സ്‌പേസ് അസറ്റ്, 9 നാവിഗേഷൻ സാറ്റ്‌ലൈറ്റ്, 20 എർത്ത് ഒബ്‌സർവേഷൻ സാറ്റ്‌ലൈറ്റ്, 3 മെറ്ററോളജിക്കൻ സാറ്റ്‌ലൈറ്റുകളുമുണ്ടെന്നാണ് 2023-2024 സാമ്പത്തിക സർവേ പറയുന്നത്.
ബഹിരാകാശ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള ഏകജാലക ഏജൻസിയാണ് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന് (ഇൻ-സ്പേസ്). ജനുവരി 1 മുതൽ വിവിധ സർക്കാർ ഇതര സ്ഥാപനങ്ങളുമായി കരാറുകളിൽ സ്ഥാപനം ഏർപ്പെട്ടതായും 2023-2024ലെ സാമ്പത്തിക സർവേയിൽ പറഞ്ഞിരുന്നു.