അനുപം ഖേർ, ജയപ്രദ എന്നിവരെ നായികാ നായകന്മാരാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രമാണ് പ്രണയം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി നടൻ മോഹൻലാലും അഭിനയിച്ചു. 2011ൽ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലൂടെ ബ്ലെസി സ്വന്തമാക്കുകയും ചെയ്തു. പ്രണയത്തിന്റെ കഥ എഴുതുമ്പോൾ അതിൽ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കാൻ ആയിരുന്നു ബ്ലെസ്സി ഉദ്ദേശിച്ചിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല. അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ.
“മമ്മൂക്കയോട് കഥ പറഞ്ഞ് എഴുതി തുടങ്ങിയതാണ് പ്രണയം. അന്ന് മാത്യൂസ് എന്നു പറയുന്ന കഥാപാത്രം വലുതായിരുന്നില്ല. എഴുതി കുറച്ചു കഴിഞ്ഞപ്പോൾ സിനിമയിലെ കഥാപാത്രം മമ്മൂക്കയ്‌ക്ക് ബുദ്ധിമുട്ടുള്ള തരത്തിൽ പോകുന്നു എന്ന് തോന്നി. അതിൽ ഉണ്ടായ ചർച്ചയ്‌ക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ നിന്ന് പിന്മാറുന്നത്”.
“പിന്നീട് ആര് എന്ന് ഞാൻ ചിന്തിച്ചു. അങ്ങനെ സിനിമ അനിശ്ചിതത്വത്തിൽ ഇരിക്കുമ്പോഴാണ് ദുബായിൽ റോഷൻ ആൻഡ്രൂസിന്റെ സിനിമയുടെ സെറ്റിൽ വെച്ച് ലാലേട്ടനെ കാണുന്നത്. അവിടെവച്ച് ചുമ്മാ കഥ പറഞ്ഞപ്പോൾ ‘മാത്യൂസിനെ ഞാൻ ചെയ്യട്ടെ’ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് കഥയിൽ മാത്യൂസ് അത്ര വലിയ കഥാപാത്രമായി എഴുതിയിട്ടുണ്ടായിരുന്നില്ല. പിന്നെയാണ് മാത്യൂസ് വലിയ ഒരു കഥാപാത്രമായി വളർന്നത്”-ബ്ലസി പറഞ്ഞു.















