ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തിന് പിന്നാലെയുണ്ടായ യുഎസ് നയതന്ത്രജ്ഞന്റെ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. എല്ലാ രാജ്യങ്ങൾക്കും അവരുടെ ഉഭയകക്ഷി ബന്ധങ്ങൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പരസ്പര താല്പര്യങ്ങളാണ് ഇത്തരം ബന്ധങ്ങളുടെ അടിസ്ഥാനം. ഇന്ത്യയും റഷ്യയും തമ്മിൽ ദീർഘകാലമായുള്ള ബന്ധം നിലനിൽക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
“ഇന്ത്യ റഷ്യയുമായി ദീർഘകാല ബന്ധം നിലനിർത്തുന്നുണ്ടെന്ന് നമ്മൾ മനസിലാക്കണം. പരസ്പര താല്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ബന്ധമാണിത്. ഒന്നിലധികം ശക്തി കേന്ദ്രങ്ങൾ നിലനിൽക്കുന്ന ലോകത്ത് എല്ലാ രാജ്യങ്ങൾക്കും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എല്ലാവരും അത്തരം യാഥാർത്ഥ്യങ്ങളെ മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്,” ജയ്‌സ്വാൾ പറഞ്ഞു.
നേരത്തെ, യുഎസ് കോൺഗ്രസ് ഹിയറിങിനിടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡൊണാൾഡ് ലു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിൽ നിരാശ പ്രകടിപ്പിച്ചിരുന്നു. മോദി മോസ്‌കോ സന്ദർശനത്തിനായി തെരഞ്ഞെടുത്ത സമയവും അത് നൽകുന്ന സന്ദേശവും നിരാശയുണ്ടാക്കുന്നതാണെന്നായിരുന്നു പ്രതികരണം.
ജൂലൈ ആദ്യവാരമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചത്. 75-ാം വാർഷിക ഉച്ചകോടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും ചെയ്തു. യുക്രെയ്ൻ യുദ്ധത്തിൽ ആശങ്ക പ്രകടിപ്പിച്ച മോദി യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന സന്ദേശവും റഷ്യയെ അറിയിച്ചിരുന്നു.















