അക്രമിക്കാൻ സാദ്ധ്യതയുള്ള 22 ശത്രുക്കളുടെ പേരുകൾ ശരീരത്തിൽ പച്ചക്കുത്തിയ മനുഷ്യാവകാശ പ്രവർത്തകൻ സ്പായിൽ മരിച്ച നിലയിൽ. സംഭവത്തിൽ സ്പാ ഉടമയടക്കം മൂന്നുപേരെ പാെലീസ് പിടികൂടി. ഗുരു വാഗ്മരെ(48) എന്ന മനുഷ്യാവകാശ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനെതിരെ ചില ക്രിമിനൽ കേസുകളും നിലവിലുണ്ട്. സെൻട്രൽ മുംബൈയിലെ സോഫ്റ്റ് ടച്ച് സ്പായിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റുമോർട്ടത്തിനിടെയാണ് ഗുരുവിന്റെ ശരീരത്തിൽ ശസ്ത്രുക്കളുടെ പേരുകൾ പച്ചകുത്തിയിരിക്കുന്നത് കണ്ടത്. സ്പാ ഉടമ സന്തോഷ് ഷെരേക്കർ ആണ് ഗുരുവിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. മുഹമ്മദ് ഫിറോസ് അൻസാരി എന്ന 26-കാരനാണ് ആറു ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ ഏറ്റെടുത്തത്. അൻസാരിയും സന്തോഷും സുഹൃത്തുക്കളായിരുന്നു. അൻസാരിയും ഒരു സ്പാ നടത്തിയിരുന്നു. ഗുരുവിന്റെ പരാതിയിൽ അൻസാരിയുടെ സ്പായിൽ റെയ്ഡ് നടക്കുകയും ഇത് പൂട്ടുകയും ചെയ്തിരുന്നു.
പരാതി നൽകി ഗുരു പണം വാങ്ങുന്നത് ഒഴിവാക്കാനാണ് ഇരുവരും ചേർന്ന് ഇയാളെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ബാറിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിൽ ഗുരു പെൺസുഹൃത്തിനാെപ്പം ജന്മദിന ആഘോഷത്തിൽ പങ്കെടുക്കുന്നത് കാണാം. റെയിൽകോട്ട് ധരിച്ച രണ്ടുപേർ ഇയാളെ പിന്തുടരുന്നതും.
ബുധനാഴ്ച പുലർച്ചെ ഒന്നരയ്‌ക്ക് സ്പായിലെത്തിയ ഫിറോസും കുട്ടാളി സാഖ്വിബ് അൻസാരിയും ചേർന്ന് ഗുരുവിന്റെ പെൺസുഹൃത്തിനെ മറ്റാെരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൊലപാതകം നടത്തിയത്. ബ്ലേഡും കത്രികയും ഉപയോഗിച്ചാണ് ഗുരുവിന്റെ കഴുത്ത് മുറിച്ചത്. ശേഷം വയറ്റിൽ കുത്തിപരിക്കേൽപ്പിച്ചു. രാവിലെ 9.30നാണ് ഗുരു മരിച്ച കാര്യം അറിഞ്ഞതെന്ന് പെൺസുഹൃത്ത് പൊലീസിന് മൊഴി നൽകി.സംഭവത്തിൽ മുഴുവൻ അഞ്ചു പ്രതികളുണ്ടെന്നാണ് വിവരം.