ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു മുന്നിൽ നിന്ന് നയിച്ച ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്ക് ജയം. ഇന്ത്യയെ എട്ടു വിക്കറ്റിന് കീഴടക്കി കന്നി കിരീടം സ്വന്തമാക്കുകയായിരുന്നു ശ്രീലങ്കൻ വനിതകൾ. 8 പന്ത് ബാക്കി നിൽക്കെയാണ് ഇന്ത്യ ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം ലങ്ക മറികടന്നത്.ചമരി അട്ടപ്പട്ടു (43 പന്തിൽ 61), ഹർഷിദ സമര വിക്രമ (51 പന്തിൽ 69) എന്നിവരുടെ കടന്നാക്രമണമാണ് ലങ്കൻ വിജയത്തിന് അടിത്തറ പാകിയത് . നാലാമതായി ക്രീസിലെത്തിയ കവിഷ ദിൽഹരിയുടെ (16 പന്തിൽ 30) മിന്നലാക്രമണം വിജയം എളുപ്പമാക്കി.
രണ്ടാം ഓവറിൽ ഓപ്പണർ വിഷ്മി ഗുണരത്നയെ നഷ്ടമായെങ്കിലും ലങ്കൻ ബാറ്റിംഗ് നിരയെ അട്ടപ്പട്ടുവും ഹർഷിദയും ചേർന്ന് തോളേറ്റുകയായിരുന്നു. കരുതലോടെ മുന്നേറിയ ഇരുവരും ഇന്ത്യൻ ബൗളർമാരെ സധൈര്യം നേരിട്ടു. ദീപ്തി ശർമ്മയ്ക്കാണ് ഒരു വിക്കറ്റ് ലഭിച്ചത്. ഹർഷിദയാണ് കളിയിലെ താരം.
നേരത്തെ സ്മൃതി മന്ദാനയുടെ (47 പന്തിൽ 60) ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ജെമീമ റോഡ്രിഗ്സും (29) റിച്ചാ ഘോഷും (30) നൽകിയ സംഭാവനകളാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ(11), ഷഫാലി വർമ(16), ഉമഛേത്രി(9) എന്നിവർ നിറം മങ്ങി.