ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം രായൻ ബോക്സോഫീസിൽ കുതിക്കുന്നു. കേരളത്തിലും ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ മാത്രം 28 കോടി കടന്നിരിക്കുകയാണ് രായൻ. തമിഴിൽ 13.65 കോടിയും തെലുങ്കിൽ 1.6 കോടിയുമാണ് ചിത്രം നേടിയത്. കേരളത്തിൽ നിന്ന് 1.93 കോടിയും രായൻ നേടിയിട്ടുണ്ട്.
ധനുഷിന്റെ സംവിധാനത്തിലൊരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഒരു മാസം കഴിയുമ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുന്ന പ്രഭാസിന്റെ കൽക്കിയുമായാണ് ധനുഷ് ചിത്രത്തിന്റെ മത്സരം. തമിഴകത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ധനുഷിന്റെ അടുത്ത 100 കോടി ചിത്രമാകും രായൻ എന്നാണ് പുറത്തുവരുന്ന വിവരം. ഒരു പാചകക്കാരനായാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. അപർണാ ബാലമുരളി, നിത്യാ മേനോൻ, കാളിദാസ് ജയറാം, വരലക്ഷ്മി ശരത് കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അതേസമയം, ധനുഷിന്റെ 41-ാം പിറന്നാൾ ദിനമായ ഇന്ന് പുതിയ ചിത്രമായ കുബേരയുടെ ഫസ്റ്റ്ലുക്ക് വീഡിയോ പുറത്തെത്തിയിരുന്നു. പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന വീഡിയോയാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പങ്കുവച്ചിരിക്കുന്നത്.















