പ്രഭാസിനെ നായകനാക്കി മാരുതിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ദി രാജാ സാബിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്. പാൻ-ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിന്റെ സൂപ്പർ ഹിറ്റ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഫാൻ ഇന്ത്യ ഗ്ലിംപ്സ് എന്ന സ്പെഷ്യൽ പ്രിവ്യൂ ഇന്ന് വൈകുന്നേരം പുറത്തിറങ്ങുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
വാഹനത്തിന്റെ കണ്ണാടിയിലേക്ക് നോക്കി നിൽക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പുറത്തുവന്ന പോസ്റ്ററിലുള്ളത്. ബാഹുബലി, കൽക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ പ്രഭാസിന്റെ അടുത്ത ചിത്രത്തിനായി ഏറെ ആകാംക്ഷയിലാണ് ആരാധകർ. ഇതിനോടകം തന്നെ പോസ്റ്റർ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുകയാണ്.
‘സ്റ്റൈലിന്റെ രാജാവ് തിരിച്ചെത്തി’എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാർ, ജിഷു സെൻഗുപ്ത, ബ്രഹ്മാനന്ദം എന്നിവരും ചിത്രത്തിലുണ്ട്. പീപ്പിൾ മീഡിയ ഫാക്ടറി നിർമിക്കുന്ന ചിത്രത്തിന് എസ് എസ് തമനാണ് സംഗീതം നൽകിയിരിക്കുന്നത്.
‘ദി രാജാ സാബ്’ കൂടാതെ സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയ്‌ക്കൊപ്പം പ്രഭാസിന്റെ ‘സ്പിരിറ്റ്’ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുകയാണ്. ഈ വർഷം അവസാനത്തോടെ സ്പിരിറ്റ് തിയേറ്ററുകളിലെത്തും.