തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ ഗവർണർ നോമിനേറ്റ് ചെയ്ത രണ്ട് പേർക്ക് വിജയം. ജനറൽ സീറ്റുകളിലേക്ക് മത്സരിച്ച ടി. ജി വിനോദ് കുമാർ, പി. എസ് ഗോപകുമാർ എന്നിവരാണ് വിജയിച്ചത്. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സെനറ്റ് അംഗങ്ങളുടെയും പ്രതിഷേധങ്ങളുടെ നടുവിലായിരുന്നു സിൻഡിക്കേറ്റിലേക്കുളള തെരഞ്ഞെടുപ്പ് നടന്നത്.
ഗവൺമെന്റ് കോളജ് അധ്യാപക സീറ്റിലും സ്വകാര്യ കോളേജ് അധ്യാപക സീറ്റുകളിലും എൽഡിഎഫ് പ്രതിനിധികളാണ് വിജയിച്ചത്. ഗവർണർ ഒഴികെ 96 പേരാണ് വോട്ട് ചെയ്തത്. എന്നാൽ ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് മൂന്ന് കേസുകൾ പരിഗണിക്കുന്നതിനാൽ അതിന്റെ വിധിക്ക് ശേഷം വോട്ടെണ്ണാമെന്ന നിലപാടിൽ ആയിരുന്നു വൈസ് ചാൻസിലർ മോഹൻ കുന്നുമ്മൽ. എന്നാൽ കോടതി വിധി കാക്കേണ്ടെന്നും വോട്ട് എണ്ണണമെന്നും ആവശ്യപ്പെട്ട് ഇടത് അനുകൂലികളും എസ്എഫ്‌ഐയും രംഗത്തെത്തി.
സെനറ്റ് ഹോളിൽ ഡോ മോഹൻ കുന്നുമ്മലിനെ ഇടത് അനുകൂല സെനറ്റ് അംഗങ്ങൾ തടഞ്ഞുവെച്ചു. സർവ്വകലാശാലയ്‌ക്ക് പുറത്ത് തടിച്ചുകൂടിയ എസ്എഫ്‌ഐക്കാരെ അകത്ത് കയറ്റണ്ട എന്ന നിലപാടായിരുന്നുവെങ്കിലും പൊലീസിനെ വെട്ടിച്ചും വിരട്ടിയും അകത്ത് കടന്ന എസ്എഫ്‌ഐ പ്രവർത്തകർ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടങ്ങി. വോട്ടെണ്ണൽ പെട്ടന്ന് വേണമെന്ന് ആയിരുന്നു എസ്എഫ്‌ഐയുടെയും നിലപാട്. പൊലീസിനെ തടഞ്ഞ് യൂണിവേഴ്‌സിറ്റിയുടെ ഗേറ്റ് തള്ളി തുറന്ന് കൂടുതൽ പ്രവർത്തകരെ എസ്എഫ്‌ഐക്കാർ അകത്തേക്ക് കയറ്റുകയായിരുന്നു. ഇതിനിടെ പ്രതിഷേധക്കാർ വിസിയുടെ വാഹനത്തിന്റെ കാറ്റ് ഊരി വിട്ടെന്ന് ആരോപണം ഉയർന്നു.
ഗവർണർ നോമിനേറ്റ് ചെയ്ത അംഗങ്ങളുടെ സാദ്ധ്യത ചോദ്യം ചെയ്തുൾപ്പെടെ സമർപ്പിച്ച കേസുകളായിരുന്നു ഹൈക്കോടതി പരിഗണിച്ചത്. കോടതി പരിഗണിക്കുന്ന മൂന്ന് കേസുകളിലെയും വിധി വന്ന ശേഷം മാത്രം വോട്ടെണ്ണിയാൽ മതി എന്നായിരുന്നു വിസിയുടെ തീരുമാനം. വിസിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് തർക്കം വന്നപ്പോൾ നിലപാട് എടുത്തത്. ഇതിനെതിരെയാണ് ഇടത് അംഗങ്ങൾ രംഗത്തെത്തിയത്.
സിൻഡിക്കറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണാൻ ഹൈക്കോടതി അനുമതി നൽകി. തർക്കമുളള 15 വോട്ടുകൾ പിന്നീട് പരിഗണിക്കാം എന്ന നിബന്ധനയോടെയാണ് വോട്ടെണ്ണാൻ കോടതി അനുമതി നൽകിയത്. ഇതോടെയാണ് വോട്ടെണ്ണിയത്. ഫലം ഹൈക്കോടതിയുടെ പരിഗണനയിലുള്ള രണ്ട് ഹർജികളിലെ ഉത്തരവുകൾക്ക് വിധേയമാണെന്നും ബാലറ്റ് പേപ്പറുകൾ സുരക്ഷിതമെന്ന് സർവകലാശാല ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലതാണ് സിൻഡിക്കറ്റ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ആയിരുന്നു കോടതിയുടെ വിധി.
12 സീറ്റുകളിലേക്ക് വിജ്ഞാപനം ഇറക്കിയെങ്കിലും ഒൻപത് സീറ്റുകളിലേക്ക് മാത്രമാണ് വോട്ടെടുപ്പ് നടന്നത്. മൂന്ന് സീറ്റുകളിലേക്ക് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.















