തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിയെ വെടിവച്ചതിന് ശേഷം വാഹനം പോയത് കൊട്ടാരക്കരയിലേക്കെന്ന് കണ്ടെത്തി അന്വേഷണ സംഘം. കൊട്ടാരക്കര വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വാഹനം വന്നത് രാവിലെ 7.30-ന് കല്ലമ്പലത്ത് നിന്നാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിച്ച എയർഗൺ ആരുടെതാണെന്ന് കണ്ടെത്താനുള്ള ശ്രമവും നടക്കുകയാണ്. കോളിംഗ് ബെല്ലിൽ നിന്ന് ലഭിച്ച വിരലടയാളം പോലീസ് ശാസ്ത്രീയ പരിശോധനയ്‌ക്ക് അയച്ചു. വെടിയേറ്റ യുവതിയുടെ വിശദമായ മൊഴി വീണ്ടുമെടുക്കും. ഉടൻ പ്രതിയിലേക്ക് എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയായിരുന്നു വഞ്ചിയൂർ പോസ്റ്റ് ഓഫീസിന് സമീപം വെടിവെപ്പ് നടന്നത്. എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷൈനിക്കാണ് പരിക്കേറ്റത്. മുഖംമൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്നാണ് ഷൈനി നൽകിയ മൊഴി.
രാവിലെ മുഖം മറച്ച് സ്ത്രീ ഷൈനിയുടെ വീട്ടിലെത്തിയിരുന്നു. താൻ ആമസോണിൽ നിന്നാണെന്നും, കൊറിയർ നൽകാൻ വന്നതാണെന്നും പറഞ്ഞു.ഷൈനിയുടെ ഭർത്താവിന്റെ അച്ഛനായിരുന്നു പാഴ്‌സൽ വാങ്ങാൻ വന്നത്. ഷൈനിക്ക് മാത്രമേ പാഴ്സൽ കൈമാറൂ എന്ന് നിർബന്ധം പറഞ്ഞതിനെ തുടർന്നാണ് ഷൈനി എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ എയർഗൺ ഉപയോഗിച്ച് വെടിവയ്‌ക്കുകയും ചെയ്‌തെന്നാണ് ഷൈനിയുടെ മൊഴി. യുവതിയുടെ വലതുകൈക്കാണ് പരിക്കേറ്റത്. ഷൈനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമി തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ മുഖം മറയ്‌ക്കുകയും, കൈയിൽ ഗ്ലൗസ് ധരിക്കുകയും ചെയ്തിരുന്നതായാണ് നിഗമനം.















