വയനാട്ടിലെ ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.
നാടിനെ നടുക്കിയ ദുരന്തമാണ് വയനാട് ചൂരൽ മലയിൽ നടന്നത്. ഉരുൾപൊട്ടലിൽ നിരവധിയാളുകളാണ് മരണപ്പെട്ടത്. നിരവധി പേരെ കാണാനില്ല. ബിജെപി ദേശീയ അദ്ധ്യക്ഷൻ വിളിച്ച് ദുരന്തമേഖലയിൽ ആവശ്യമായ സഹായങ്ങളും നടപടികളും ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. പാർട്ടി പ്രവർത്തകർ കഴിയാവുന്ന എല്ലാവിധ സഹായങ്ങളും സേവനങ്ങളും ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു- കെ. സുരേന്ദ്രൻ കുറിച്ചു.
കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് ഉറപ്പുനൽകി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണിത്.
ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ചൂരൽമലയിലും മുണ്ടക്കൈയിലുമാണ് ഉരുൾപൊട്ടിയത്. ഇതുവരെ 19 പേരാണ് മരിച്ചത്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. സ്ഥലത്ത് സൈന്യം, എൻഡിആർഎഫ്, അഗ്നിരക്ഷാസേന, പൊലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.















