വയനാട്: ഉരുൾപ്പൊട്ടലിനെ തുടർന്ന് കാണാതായ 100 പേരെ മുണ്ടക്കൈയിൽ നിന്ന് കണ്ടെത്തി സൈന്യം. 122 ടി എ ബറ്റാലിയനാണ് കുടുങ്ങി കിടന്നവരെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രക്ഷാദൗത്യത്തിനായി സൈന്യത്തിന്റെ ആദ്യ ബാച്ച് എത്തിയത് നദിക്കരയിലൂടെയാണ്. ദൗത്യത്തിന് ഡിങ്കി ബോട്ട് ഇറക്കും. കനത്ത മൂടൽമഞ്ഞ് കയർ വഴിയുള്ള രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.
ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്ന് സൈന്യം അറിയിച്ചു. ചൂരൽമലയും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയതിനാൽ പ്രദേശത്ത് എത്തുന്നത് വെല്ലുവിളിയാണ്. 5 സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലാത്തതും രക്ഷാദൗത്യത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്.
നാവിക സേനയുടെ റിവർ ക്രോസിംഗ് സംഘം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചു. സൈന്യത്തിന്റെ മെക്കാനിക്കൽ എൻജിനീയറിംഗ് വിംഗ് ദുരന്ത ഭൂമി സന്ദർശിച്ചു. താത്കാലിക പാലം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. ഡിഎസ്സിയുടെ 89 പേരടങ്ങുന്ന സംഘം ഉടൻ വയനാട്ടിലെത്തും. രക്ഷാപ്രവർത്തനത്തിന് എയർലിഫ്റ്റിംഗ് സാധ്യത പരിശോധിക്കാനെത്തിയ 2 ഹെലികോപ്റ്ററുകൾ കാലാവസ്ഥ പ്രതികൂലമായതോടെ വയനാട്ടിൽ ഇറങ്ങാനാകാതെ തിരിച്ചുപോയി. ഹെലികോപ്റ്റർ വീണ്ടും ഇറങ്ങാൻ ശ്രമിക്കുമെന്ന് വ്യോമസേന അറിയിച്ചു.















