വയനാട്: ജീവൻ പണയം വച്ച് വയനാട്ടിലെ ദുരന്ത ഭൂമിയിൽ രക്ഷാ പ്രവർത്തനം നടത്തുന്ന എൻഡിആർഫ് സംഘം അതി സാഹസികമായി കൈകുഞ്ഞിനെ രക്ഷിച്ച ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സെെന്യത്തിനൊപ്പമായിരുന്നു എൻഡിആർഎഫിന്റെ രക്ഷാദൗത്യം.
റോപ്പിൽ തൂങ്ങി പിഞ്ചുകുഞ്ഞിനെ ബേബി ബാസ്‌കറ്റിലാക്കി മാറോടണച്ചാണ് ഉദ്യോഗസ്ഥൻ മറുകരയെത്തിയത്. പിന്നീട് കുഞ്ഞിനെ ആരോഗ്യപ്രവർത്തകർക്ക് കെെമാറി. കുഞ്ഞിനെ രക്ഷപ്പെടുത്താൻ സ്വജീവൻ പണയം വച്ച എൻഡിആർഎഫ് ഉദ്യോഗസ്ഥൻ ചന്ദ്രസിംഗ് ധാനുവിന് സല്യൂട്ട് അടിക്കുകയാണ് കേരള ജനത.
ചൂരൽമല, അട്ടമല, മുണ്ടക്കൈ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തി. പരിക്കേറ്റവരെയും വൈദ്യ സഹായം ആവശ്യമുള്ളവരെയുമാണ് ആദ്യ ഘട്ടത്തിൽ എയർ ലിഫ്റ്റ് ചെയ്ത്. കനത്ത മൂടൽ മഞ്ഞ് ദൗത്യത്തിന് വെല്ലുവിളിയാകുമ്പോഴും സാഹസികമായാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ ദുരന്ത ഭൂമിയിൽ ലാൻഡ് ചെയ്തത്.
2018-ലെ പ്രളയത്തിൽ പൂർണ ഗർഭിണിയായ യുവതിയെ നാവികസേന എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു. കാലടി ചൊവ്വര പളളിയിൽ കുടുങ്ങിയ യുവതിയെ രക്ഷാപ്പെടുത്തുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായി മാറിയിരുന്നു. എന്നാൽ കമാൻഡർ വിജയ് വർമ്മയുടെ നിശ്ചയദാർഢ്യമാണ് രണ്ടു ജീവനുകൾക്ക് തുണയായത്. ഹെലികോപ്റ്ററിൽ ഒരു ഡോക്ടറെയും കൊണ്ടാണ് അന്ന് അദ്ദേഹം രക്ഷാപ്രവർത്തനത്തിന് എത്തിയത്.















