കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കാലവർഷക്കെടുതിയിലും ദുരിതമനുഭവിക്കുന്നവർക്ക് അടിയന്തിര സഹായമെത്തിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് രാഷ്‌ട്രീയ സ്വയം സേവക സംഘം. ആർഎസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പിഎൻ ഈശ്വരൻ ആണ് രക്ഷാപ്രവർത്തനത്തിന് സഹായമെത്തിക്കാൻ സ്വയം സേവകർക്ക് നിർദ്ദേശം നൽകിയത്.
ദുരിത മേഖലകളിലേക്ക് ആവശ്യമുളള ഭക്ഷ്യ സാധനങ്ങൾ, മഴക്കോട്ട്, കുടിവെളളം, വസ്ത്രങ്ങൾ, പഠന സാമഗ്രികൾ തുടങ്ങിയവ അതാത് മേഖലകളിൽ നിന്ന് ശേഖരിച്ച് ആവശ്യപ്പെടുന്ന മുറയ്‌ക്ക് ദുരിതമേഖലയിലേക്ക് എത്തിച്ചുകൊടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
വയനാട്ടിലെ ദുരിതബാധിത മേഖലകളിൽ സേവന പ്രവർത്തനങ്ങളുമായി സേവാഭാരതി ആദ്യ മണിക്കൂറിൽ തന്നെ രംഗത്തിറങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിലും അടിയന്തര സഹായമെത്തിക്കുന്നതിലും സേവാഭാരതിയുടെ സന്നദ്ധപ്രവർത്തകർ ആശുപത്രികളിലും ദുരന്തമേഖലകളിലും കർമ്മനിരതമാണ്. എംസി വത്സൻ (9446039322), ഉണ്ണികൃഷ്ണൻ (9744339712) എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് സേവാഭാരതി അറിയിച്ചു.
രാവിലെ മുതൽ രക്തദാനത്തിനായി ഉൾപ്പെടെ സേവാഭാരതി പ്രവർത്തകർ രംഗത്തെത്തിയിരുന്നു. വയനാട് തോണിച്ചാൽ വീര പഴശ്ശി ബാലമന്ദിരത്തിലെ സേവാഭാരതി പ്രവർത്തകരുടെ നേതൃത്വത്തിൽ മേപ്പാടി ദുരിതബാധിതർക്കും രക്ഷാപ്രവർത്തകർക്കും ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുകയും ചെയ്തു.
മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുളള ചിതാഗ്നി സംവിധാനം ഉൾപ്പെടെ ദുരന്തമേഖലയിൽ സേവാഭാരതി എത്തിച്ചിട്ടുണ്ട്. വൈകിട്ട് മുണ്ടക്കൈയ്യിൽ പ്രളയത്തിൽ മരണപ്പെട്ട സുമേഷിന്റെ (35) ഭൗതികശരീരം സേവാഭാരതി ഒരുക്കിയ ചിതാഗ്‌നിയിലാണ് ദഹിപ്പിച്ചത്.
ദുരിതബാധിതർക്ക് സഹായമഭ്യർത്ഥിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി ജില്ലാതലത്തിലും സുൽത്താൻ ബത്തേരി താലൂക്ക്, മാനന്തവാടി താലൂക്ക്, വൈത്തിരി താലൂക്ക് എന്നിവിടങ്ങളിലും പ്രത്യേകം ഫോൺ നമ്പറുകൾ സേവാഭാരതി ഏർപ്പെടുത്തിയിരുന്നു.