വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയുമായി നയതന്ത്രബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുമായി ഉത്തര കൊറിയ. അമേരിക്കയുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നതായി ദക്ഷിണ കൊറിയക്കൊപ്പം ചേർന്ന മുതിർന്ന ഉത്തര കൊറിയൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റി ഇൽ ഗ്യു എന്ന ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തൽ നടത്തിയത്.
വിദേശ നയവുമായി ബന്ധപ്പെട്ട് റഷ്യ, യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങളെ മുൻഗണനാ ക്രമത്തിൽ നിശ്ചയിച്ചിട്ടുള്ളതായി ഇദ്ദേഹം പറയുന്നു. റഷ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനോടൊപ്പം തന്നെ അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്താനും ഉത്തരകൊറിയ ശ്രമിക്കുന്നുണ്ട്. നവംബറിൽ ട്രംപ് വിജയിച്ചാൽ ആണവ ചർച്ചകൾ വീണ്ടും പുനരാരംഭിക്കാനാണ് ഇവരുടെ ശ്രമം. വിവിധ മേഖലകളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം നീക്കുക, സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇതിന് പിന്നിൽ.
ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ട്രംപും തമ്മിൽ 2019ൽ വിയറ്റ്‌നാമിൽ വച്ച് നടത്തിയ ഉച്ചകോടിയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായതായും റി പറയുന്നു. അനുഭവസമ്പത്തോ, വിഷയത്തെ കുറിച്ച് അറിവില്ലാത്തതോ ആയ സൈനിക കമാൻഡർമാരെ ആണവ ചർച്ചകൾ നടത്താൻ കിം തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നു. അന്താരാഷ്‌ട്ര തലത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കിം ജോങ് ഉന്നിന് വലിയ പിടിപാടില്ലെന്നും” റി പറയുന്നു.
റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചത് വഴി മിസൈൽ സാങ്കേതികവിദ്യയിലും സാമ്പത്തിക രംഗത്തുമെല്ലാം ഉത്തര കൊറിയയ്‌ക്ക് വലിയ തോതിൽ സഹായങ്ങൾ ലഭിച്ചു. രാജ്യത്തിന് മേൽ ഉണ്ടായിരുന്ന പല ഉപരോധങ്ങളും നീക്കാനായി എന്നതാണ് വലിയൊരു നേട്ടം. അമേരിക്കയോടും ഇനി സമാന സമീപനമായിരിക്കും ഉത്തരകൊറിയ സ്വീകരിക്കുന്നത്. ജപ്പാനോടും അടുത്ത ബന്ധം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ കിം ജോങ് ഉൻ തുടങ്ങിയതായും റി കൂട്ടിച്ചേർത്തു.















