ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബൈഭവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത കോടതി മുഖ്യമന്ത്രിയുടെ വസതിയിൽ കയറി ഒരു ഗുണ്ട പരാതിക്കാരിയെ ആക്രമിച്ചുവെന്നത് ഞെട്ടിക്കുന്ന സംഭവമാണെന്ന് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വിമർശനമുന്നയിച്ചത്. ബൈഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സംഭവത്തിൽ കോടതിയുടെ അതൃപ്തി വ്യക്തമാക്കിയത്.കേസിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ സമീപകാല ഉത്തരവിനെ ചോദ്യം ചെയ്താണ് ബൈഭവ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മേയിൽ ഡൽഹിയിലെ മജിസ്‌ട്രേറ്റ് കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മുഖ്യമന്ത്രിയുടെ ബംഗ്ലാവ് സ്വകാര്യ വസതിയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ഓഫീസിൽ ഇങ്ങനെയുള്ള ഗുണ്ടകളെ നിർത്തേണ്ട ആവശ്യമെന്തെന്നും ഇതെങ്ങനെ സംഭവിച്ചുവെന്നും കോടതി പ്രതിഭാഗത്തോട് ചോദിച്ചു. സ്വാതി മാലിവാൾ തടഞ്ഞിട്ടും ബൈഭവ് ആക്രമണം തുടർന്നുവെന്നും കോടതി നിരീക്ഷിച്ചു. തന്റെ തലയിലാണ് അധികാരം എന്നാണോ ബൈഭവിന്റെ വിചാരമെന്നും സ്വാതിയെപോലെ ഒരു യുവതിയെ ആക്രമിച്ച കുറ്റാരോപിതന് അല്പമെങ്കിലും തന്റെ പ്രവർത്തിയിൽ നാണം തോന്നുന്നില്ലേയെന്നും കോടതി ശകാരിച്ചു.
മെയ് 13 നാണ് ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് മാലിവാളിനെ ആക്രമിച്ചത്. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയിൽ സ്വാതി ക്രൂര മർദ്ദനത്തിന് വിധേയമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.