ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. തങ്ങൾക്കെതിരായ ഏത് ആക്രമണത്തേയും ശക്തമായി തന്നെ പ്രതിരോധിക്കുമെന്നും, ഇസ്രായേലിൽ നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.
” ആക്രമണം നടത്താനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് ശക്തമായ പ്രതിരോധത്തിനാണ് ഇസ്രായേൽ തയ്യാറെടുക്കുന്നത്. ഞങ്ങൾക്കെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും ശത്രുക്കൾ വലിയ വില നൽകേണ്ടി വരും. ഞങ്ങളെ ആക്രമിക്കുന്നവരെ കരുത്തോടെ തന്നെ തിരിച്ച് ആക്രമിക്കുമെന്നും” നെതന്യാഹു പ്രസ്താവനയിൽ അറിയിച്ചു.
ബെയ്‌റൂട്ടിൽ നടന്ന ആക്രമണത്തിലാണ് ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാൻഡർ ഫുവാദ് ഷുക്കർ കൊല്ലപ്പെട്ടത്. ഫുവാദിന്റെ മരണത്തിന് മറുപടി നൽകാൻ ലെബനന്റെ സായുധ സംഘം ബാധ്യസ്ഥമാണെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസ്രല്ല ഭീഷണി മുഴക്കിയിരുന്നു. ഇസ്രായേൽ വിദേശകാര്യ മന്ത്രാലയവും ഭീഷണിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. അപ്രകാരമുണ്ടായാൽ വലിയ വില നൽകേണ്ടി വരുമെന്നും, അതിന് മുൻപ് വീമ്പിളക്കലുകളും ഭീഷണികളും നുണകൾ പ്രചരിപ്പിക്കുന്നതും നിർത്തണമെന്നും വിദേശകാര്യമന്ത്രി കാറ്റ്‌സിന്റെ പ്രസ്താവനയിൽ പറയുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കാറ്റ്‌സ് വ്യക്തമാക്കി.
ടെഹ്‌റാനിലുണ്ടായ ആക്രമണത്തിലാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാനും ഹമാസും ആരോപിച്ചു. എന്നാൽ ഈ വിഷയത്തിൽ ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹനിയയുടെ മരണത്തിന് പിന്നാലെ ഇസ്രായേലിനെ നേരിട്ട് ആക്രമിക്കാൻ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഉത്തരവിട്ടിരുന്നു. ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ വച്ചാണ് ഈ തീരുമാനം എടുത്തതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.