തിരുവനന്തപുരം: മണക്കാട് മുത്തുമ്മാരി അമ്മൻ ക്ഷേത്രത്തിൽ അതിക്രമം നടത്തുകയും പൂജ തടസ്സപ്പെടുത്തി നിരപരാധിയായ പൂജാരിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് മഹാധർണ്ണ നടത്തും. പൂന്തുറ സി ഐ സന്തോഷിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇന്ന് വൈകുന്നേരം മണക്കാട് അമ്മൻകോവിൽ ജംഗ്ഷനിലാണ് ധർണ്ണ നടത്തുന്നത്.
ക്ഷേത്രത്തിൽ കയറി പൂജാരിയായ അരുൺ പോറ്റിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഹിന്ദു ഐക്യവേദിയും ബിജെപിയും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ചൂണ്ടിക്കാട്ടി പൂന്തുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഫോർട്ട് അസി.കമ്മീഷണർ, കമ്മീഷണർ ജി. സ്പർജൻ കുമാറിന് സമർപ്പിക്കുകയും ചെയ്തിരുന്നു.
നേരത്തെ ജോലി ചെയ്തിരുന്ന പൂന്തുറ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലായിരുന്നു പൊലീസ് നടപടി. കേസിൽ പിറ്റേന്ന് ഹാജരാകാമെന്ന് അരുൺ പോറ്റി നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് ക്ഷേത്രം തുറന്ന് ദീപാരാധനയ്‌ക്ക് ഒരുക്കങ്ങൾ നടത്തുന്നതിനിടെ പൊലീസെത്തി ബലമായി അരുൺ പോറ്റിയെ കൊണ്ടുപോയത്. വിലങ്ങ് വച്ച് കൊണ്ടുപോയ ശേഷം രാത്രി 8.15 ഓടെയാണ് ഇദ്ദേഹത്തെ വിട്ടയച്ചത്. പൊലീസ് വിളിപ്പിച്ച കേസുമായി ഒരു ബന്ധവുമില്ലെന്ന് അരുൺ പോറ്റി അറിയിച്ചിരുന്നെങ്കിലും പൊലീസ് ഇത് ചെവിക്കൊണ്ടില്ല. പിന്നീട് ഇദ്ദേഹത്തിന് കേസിൽ പങ്കില്ലെന്ന് കണ്ടാണ് പൊലീസ് വിട്ടയക്കാൻ തയ്യാറായത്.
ഒരാളെ അറസ്റ്റ് ചെയ്യുന്നതിനും കസ്റ്റഡിയിലെടുക്കുന്നതിനും സുപ്രീംകോടതി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും, അതിന്റെയൊക്കെ നഗ്‌നമായ ലംഘനം നടത്തിയാണ് പൊലീസ് ക്ഷേത്രത്തിൽ നിന്നും പൂജാരിയെ കസ്റ്റഡിയിലെടുത്തതെന്ന് വിശ്വഹിന്ദു പരിഷതും ആരോപിച്ചിരുന്നു. യാതൊരു ബന്ധവുമില്ലാത്ത കേസ് ആണെങ്കിലും, പിറ്റേന്ന് സ്റ്റേഷനിൽ ഹാജാരാകാമെന്ന് അറിയിച്ച വ്യക്തിയെ തുറന്നിരിക്കുന്ന അമ്പലത്തിൽ നിന്ന് അറസ്റ്റ് ചെയ്തുകൊണ്ട് പോയ നടപടി സമീപകാല കേരളത്തിൽ സംഭവിച്ചിട്ടില്ലാത്തതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.















