വയനാട്: കേന്ദ്രസേനകളുടെ മുഴുവന്‍ സഹകരണവും വയനാടിനുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ദുരന്തഭൂമിയില്‍ നടക്കുന്നത് സുസജ്ജമായ പ്രവര്‍ത്തനമാണെന്നും വി മുരളീധരൻ പറഞ്ഞു. ദുരന്തഭൂമിയിൽ നിന്നും ജനം ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യം കണ്ടതിൽ വച്ച് ഏറ്റവും തീക്ഷ്ണമായ പ്രകൃതി ദുരന്തമാണ് ഇവിടെ ഉണ്ടായത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രധാനമന്ത്രി നരേന്ദ്രമോദി വയനാടിനായി സഹായങ്ങൾ പ്രഖ്യാപിച്ചിരുന്നു. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം പ്രഖ്യാപിച്ചു. കര-നാവിക-വ്യോമസേന എന്നിവയുടെ സഹായവും ഇവിടെയുണ്ട്.
രക്ഷാപ്രവർത്തകരുടെ സഹായമുണ്ടായിരുന്നെങ്കിലും ബെയ്ലി പാലം നിർമ്മിക്കാൻ സേനയ്‌ക്ക് അല്ലാതെ മറ്റൊന്നിനും പറ്റില്ലായിരുന്നു. ദുരന്തത്തിൽ എല്ലാ പങ്കാളിത്തവും കേന്ദ്ര സേന വഹിച്ചുകൊണ്ടിരിക്കുകയാണ്. നാലു ദിവത്തിന് ശേഷവും ജീവന്റെ തുടിപ്പ് ഉണ്ടായിരുന്ന ഒരു കുടുംബത്തെ ഇന്ന് രക്ഷപ്പെടുത്താൻ സാധിച്ചു. തീർച്ചയായും, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവർക്കും അഭിമാനവും സന്തോഷവുമുള്ള നിമിഷമായിരുന്നു.
ഇന്ത്യൻ സൈന്യം യുദ്ധത്തിൽ മാത്രമല്ല, ഇതുപോലുള്ള ദുരന്തം നടക്കുന്ന സ്ഥലങ്ങളിലും സഹായം എത്തിക്കുന്ന കാര്യങ്ങളിലും മടി കാണിച്ചിട്ടില്ല. അവരെല്ലാം പരിശീലനം ലഭിച്ചവരാണ്. പകരം വെക്കാൻ കഴിയാത്ത പ്രവർത്തനങ്ങളാണ് സേവാഭാരതിയും യുവമോർച്ചയുമൊക്കെ ചെയ്യുന്നത്. എല്ലാവരുടെയുംപ്രശംസ പിടിച്ചുപറ്റിയിട്ടുള്ള പ്രവർത്തനമാണ് സേവാഭാരതിയുടേത്.’- വി മുരളീധരൻ പറഞ്ഞു.















