ന്യൂഡൽഹി: ഹമാസ് നേതാവ് ഇസ്മായിൽ ഹനിയയുടെ വധത്തിനുപിന്നാലെ ഉടലെടുത്ത ഇറാൻ ഇസ്രായേൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടിവിച്ച് ഇന്ത്യ. അനാവശ്യ യാത്രകൾ ഒഴിവാക്കാനും സുരക്ഷാ ഷെൽട്ടറുകൾക്ക് സമീപം തുടരാനും ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർക്ക് എംബസി നിർദേശം നൽകി.
ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ടെൽ അവീവിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച സുരക്ഷാ മുന്നറിയിപ്പിൽ പറയുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും എല്ലാ ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എംബസി അറിയിച്ചു.
ഇസ്രായേലിൽ ഏകദേശം 26,000 ഇന്ത്യൻ പൗരന്മാരാണുള്ളത്. ഇവരിൽ ഭൂരിഭാഗവും ഇസ്രായേലിലെ മുതിർന്ന പൗരന്മാരെ പരിപാലിക്കുന്നതിനുള്ള നഴ്‌സിംഗ് ഹോമുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരാണ്. വജ്രവ്യാപാരികൾ, ഐടി പ്രൊഫഷണലുകൾ, നിർമ്മാണ, കാർഷിക മേഖലകളിലെ തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഭീകര സംഘടനയായ ഹമാസിനെതിരെ സംഘർഷം ആരംഭിച്ചതിന് ശേഷം പാലസ്തീൻ തൊഴിലാളികൾക്ക് പകരം കൂടുതൽ ഇന്ത്യക്കാരെ ഇസ്രായേൽ നിയമിക്കാൻ തുടങ്ങിയതോടെ രാജ്യത്ത് ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചിരുന്നു.