ചെന്നൈ: ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഇടപെടലിലൂടെ മോചിപ്പിച്ച 21 മത്സ്യത്തൊഴിലാളികളാണ് തിരികെ നാട്ടിലെത്തിയത്.
കഴിഞ്ഞ ദിവസം ജാഫ്‌ന കോൺസുലേറ്റ് ജനറലുമായി ചർച്ചചെയ്താണ് ഇന്ത്യൻ ഹൈക്കമ്മീഷൻ ഇവരുടെ മോചനം സാധ്യമാക്കിയത്. ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഉദ്യോഗസ്ഥർ ജയിലിലെത്തി മത്സ്യതൊഴിലാളികളെ നേരിട്ട് കണ്ടിരുന്നു. ഉദ്യോഗസ്ഥർ ഇവരുടെ ക്ഷേമം ഉറപ്പാക്കുകയും ഇന്ത്യയിലെ ബന്ധുക്കളെ ഫോൺ വിളിക്കാനുമുള്ള സൗകര്യം ഒരുക്കുകയും ചെയ്തു.
വ്യാഴാഴ്ച കച്ചത്തീവ് ദ്വീപിന് വടക്ക് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ശ്രീലങ്കൻ നാവിക കപ്പലും ഇന്ത്യൻ മത്സ്യബന്ധനബോട്ടും തമ്മിൽ കൂട്ടിയിടിച്ചിരുന്നു. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു. ഒരാളെ കാണാതായി. രണ്ട് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി കാങ്കസന്തുറൈയിൽ എത്തിച്ചു. ഇതിന് മറുപടിയായി, ന്യൂഡൽഹിയിലെ ശ്രീലങ്കൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് വരുത്തുകയും മത്സ്യത്തൊഴിലാളിയുടെ മരണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, കാണാതായ ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.















